ദക്ഷിണേന്ത്യയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. വടക്കൻ തമിഴ്നാട് , ആന്ധ്രപ്രദേശ് തീരം കർണാടക എന്നിവിടങ്ങളിൽ ഇന്നുമുതൽ ഏതാനും ദിവസം ശക്തമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും തെക്കൻ കേരളത്തിലെ പത്തനംതിട്ട , കോട്ടയം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ കാലവർഷം വിടവാങ്ങുന്നത് പുരോഗമിക്കുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യൻ തീരത്ത് പ്രത്യേകിച്ച് ആന്ധ്ര തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴിയാണ് ദക്ഷിണേന്ത്യയിൽ മഴക്ക് കാരണമാകുന്നത്. കർണാടകക്ക് മുകളിലൂടെ കിഴക്ക് – പടിഞ്ഞാറായി ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നുമുതൽ മഴക്ക് സാധ്യതയുണ്ട്. ആന്ധ്രയുടെ തീരദേശത്തും ശക്തമായ മഴ ലഭിക്കാം. ബംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ ഭാഗങ്ങളിലും ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം കയറുന്നതാണ് മഴക്ക് കാരണമാകുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. വൈകുന്നേരങ്ങളിലോ രാത്രിയോ ആയിരിക്കും കേരളത്തിലെ മഴക്ക് സാധ്യത. ഇടിയോട് കൂടെയുള്ള മഴക്കും കിഴക്കൻ മേഖലകളിൽ സാധ്യതയുണ്ട്. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയല്ല. ഇന്ന് കാലവർഷത്തിന്റെ ഭാഗമായുള്ള മഴയുടെ കണക്കെടുപ്പ് അവസാനിക്കുകയും നാളെ മുതൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലും ആണ് ഔദ്യോഗികമായി ഉൾപ്പെടുത്തുക. എന്നാൽ തുലാവർഷം കേരളത്തിലെത്താൻ ഇനിയും രണ്ടാഴ്ചയെങ്കിലും കഴിയുമെന്നാണ് ഞങ്ങളുടെ വിദഗ്ധരുടെ നിരീക്ഷണം.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment