വായുമലിനീകരണം കൂടുതൽ ബാധിക്കുന്നത് പുരുഷൻമാർക്കെന്ന് പഠനറിപ്പോർട്ട്, കാരണം ഇതാണ്, കേരളവും ജാഗ്രത പാലിക്കുക
വായുമലിനീകരണ വിഷയത്തിൽ പുതിയ പഠനപ്രകാരം ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. അതായത് സ്ത്രീകളെ അപേക്ഷിച്ച് വായുമലിനീകരണം കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതു പുരുഷന്മാരിലാണെന്ന് പുതിയ പഠനറിപ്പോർട്ടിൽ പറയുന്നു. നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കാര്യം കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിൽ തൊഴിലിനും വിനോദങ്ങൾക്കുമായി പുരുഷന്മാർ കൂടുതൽ സമയം വീടിനു പുറത്തു ചെലവഴിക്കുന്നതാണ് അതിനു കാരണമെന്നും റിപ്പോർട്ടിലുണ്ട്. 2019 മുതൽ 2023 വരെ ഡൽഹിയിലെ ആശുപ്രതികളിൽനിന്നു ശേഖരിച്ച വിവരങ്ങളാണു പഠനത്തിനു വിധേയമാക്കിയത്. ഒപ്പം 39 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ഇരകൾ
ശ്വാസകോശത്തിൽ സൂക്ഷ്മ കണങ്ങളായ പിഎം 2.5 അടിഞ്ഞുകൂടുന്നതിലും പുരുഷന്മാരാണു മുന്നിൽ. പുരുഷന്മാരിൽ പിഎം 2.5വിന്റെ നിക്ഷേപം സത്രീകളെക്കാൾ 1.4 മടങ്ങ് കൂടുതലാണ്. പുരുഷന്മാരിൽ ശ്വസനത്തിന്റെ തോതും അതുവഴി ശ്വാസകോശത്തിലെത്തുന്ന വായുവിന്റെ അളവും കൂടുതലാണെന്നതാണ് അതിന് ഇടവരുത്തുന്നതായി പഠനത്തിൽ പറയുന്നത്. കാൽനടയാത്രികർ, തൊഴിലാളികൾ, റിക്ഷാ ഡ്രൈവർമാർ തുടങ്ങിയവരാണ് അതിൻ്റെ പ്രധാന ഇരകൾ.വായുമലിനീകരണത്തിന്റെ പ്രധാന ഘടകമാണ് പാർട്ടിക്കുലേറ്റ് മാറ്റർ അഥവാ പൊടിപടലങ്ങളാണ്. 2.5 മൈക്രോൺ വലുപ്പമുള്ള പാർട്ടിക്കുലേറ്റ് മാറ്ററാണ് പിഎം 2.5. വലുപ്പം കുറവായതിനാൽ ശ്വാസകോശത്തിലേക്കു പെട്ടെന്നു കയറി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് പിഎം 2.5 അപകടകാരിയാകുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്നം ഡൽഹിയിലെ പോലെ തന്നെ ഗുരുതരമാണെന്നും പഠനം വക്തമാക്കുന്നുണ്ട്.
വായുമലിനീകരണം അതിരൂക്ഷം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം "വളരെ മോശം" വിഭാഗത്തിൽ രേഖപ്പെടുത്തി. ആകെ വായു ഗുണനിലവാര സൂചിക (എക്യുഐ) 386 ആയി. സിപിസിബിയുടെ സമീർ ആപ്പിൽ നിന്നുള്ള ഡാറ്റ പ്രകാരം നഗരത്തിലെ 16 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുവിന്റെ ഗുണനിലവാരം "ഗുരുതരമായ" വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള സ്റ്റേഷനുകൾ "വളരെ മോശം" നിലയിലാണ് രേഖപ്പെടുത്തിയത്. ഇതിനിടയിൽ മിതമായ മൂടൽമഞ്ഞ് കാരണം നഗരത്തിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടതൂർന്ന മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കുന്നതിനാൽ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലുടനീളം വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവർ അറിയിച്ചു. ദൃശ്യപതര കുറഞ്ഞതിനെത്തുടർന്ന് ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 66 വിമാനങ്ങളാണ് റദ്ദാക്കിയത്.
English Summary : Discover how PM 2.5 particles impact men's respiratory health more than women's. Learn about the risks faced by workers and pedestrians in polluted areas.