മഴ ഇല്ലാതെ ഖത്തർ: നാളെ മഴക്ക് വേണ്ടി പ്രത്യേക പ്രാർഥന

ഖത്തറിൽ മഴ കുറഞ്ഞതിനെ തുടർന്ന് മഴക്ക് വേണ്ടിയുള്ള പ്രാർഥനക്ക് ആഹ്വാനം. സമൃദ്ധമായ മഴ ലഭിക്കാന്‍ വേണ്ടിയുള്ള ഇസ്തിസ്ഖ പ്രാര്‍ഥന (മഴ പ്രാർഥന) നാളെ നടക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർഥന. പ്രവാചക ചര്യ പിന്തുടര്‍ന്നാണ് മഴ പ്രാര്‍ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ പൗരന്മാര്‍ക്കൊപ്പം അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കുമെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ (ദാനം) നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍ (ദന്ത ശുചീകരണം), ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങളെക്കുറിച്ചും മന്ത്രാലയം ഓര്‍മിപ്പിച്ചു.

കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്. മുതിര്‍ന്നവരില്‍ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികള്‍ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്.
അതേസമയം, ഈ ആഴ്ച അവസാനത്തോടെ ഖത്തറിൽ മഴ സാധ്യത ഉണ്ടെന്ന് Metbeat Weather പറഞ്ഞു. ഇപ്പോഴത്തെ തെക്ക് പടിഞ്ഞാറൻ കാറ്റ് വെള്ളിയാഴ്ചക്ക് ശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് മാറുന്നത് മഴക്ക് അനുകൂലമാകുമെന്നാണ് നിരീക്ഷണം.

Leave a Comment