കേരളത്തിൽ ഇന്നു മുതൽ മഴ നേരിയ തോതിൽ സജീവമാകും. കഴിഞ്ഞ ഒരാഴ്ചത്തേക്കാൾ കൂടുതൽ മഴ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. വൈകിട്ടും രാത്രിയും പുലർച്ചെയുമാണ് കൂടുതൽ മഴ സാധ്യത. നിലവിൽ വടക്കൻ തീരത്ത് കൂടുതൽ മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. ഇവ വടക്കൻ കേരളത്തിൽ വൈകിട്ടോ രാത്രിയോ മഴ നൽകും. തെക്ക്, മധ്യ കേരളത്തിൽ ഇന്ന് രാത്രിയും പുലർ ച്ചെയും മഴ പ്രതീക്ഷിക്കാം. തുടർന്നുള്ള ദിവസങ്ങളിലും സമാന സാഹചര്യമുണ്ട്. പകൽ ഭാഗികമായി മേഘാവൃതമോ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയോ ഉണ്ടാകും.
കാലവർഷം പുരോഗമിക്കും
ഒരാഴ്ചയായി കർണാടക വരെ എത്തി നിൽക്കുന്ന കാലവർഷം തുടർന്നുള്ള ദിവസങ്ങളിൽ വടക്കോട്ട് പുരോഗമിക്കും. ആദ്യ ദിവസം കണ്ണൂർ വരെയും മൂന്നാം ദിനം കർണാടക ചിക്കമംഗളൂർ, കാർവാർ വരെയുമാണ് കാലവർഷം പുരോഗമിച്ചത്. ഇത് ഈ മാസം 13 ഓടെ മുംബൈയിലേക്കും തുടർന്ന് ജൂൺ പകുതിയോടെ ഗുജറാത്തിലും എത്താനാണ് സാധ്യത. അടുത്ത ഒരാഴ്ച കേരളത്തിൽ തെക്കൻ ജില്ലകളെക്കാൾ വടക്കൻ കേരളത്തിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു.