ഗ്രീസിൽ ശൈത്യകാലം കടുക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാന നഗരമായ ഏഥൻസ് ഉൾപ്പെടുന്ന ആറ്റിക്ക മേഖലയിൽ ഞായറാഴ്ച മുതൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥയിൽ മാറ്റം കണ്ടുതുടങ്ങും. ഞായറാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച തിങ്കളാഴ്ച രാത്രി വരെ തുടരാൻ സാധ്യതയുണ്ട്.
ആറ്റിക്കയിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടാകാൻ 75% സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ബാധിക്കപ്പെടുന്ന പ്രദേശങ്ങൾ
ആറ്റിക്കയുടെ കിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലായിരിക്കും മഞ്ഞുവീഴ്ച കൂടുതൽ ശക്തമാകുക. സമുദ്രനിരപ്പിൽ നിന്ന് 200–300 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും, 500 മീറ്ററിന് മുകളിലുള്ള ഇടങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടാനും സാധ്യതയുണ്ട്.
മഞ്ഞുവീഴ്ചയ്ക്ക് പുറമെ താപനിലയിൽ വലിയ കുറവുണ്ടാകും. ശക്തമായ കാറ്റും കടലിൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
ഹെല്ലനിക് നാഷണൽ മെറ്റീരിയോളജിക്കൽ സർവീസ് (HNMS) രാജ്യവ്യാപകമായി കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ഗ്രീസിൽ കനത്ത മഞ്ഞുവീഴ്ചയും മറ്റിടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു.