ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി അന്താരാഷ്ട്ര ഏജന്‍സികള്‍, സ്ഥിരീകരിക്കാതെ കാലാവസ്ഥാ വകുപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദമാകുകയും വൈകിട്ടോടെ ശക്തി ചുഴലിക്കാറ്റാകുകയും ചെയ്തു. അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത് സ്ഥിരീകരിച്ചു. എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് രൂപപ്പെട്ടത് സ്ഥിരീകരിച്ചിട്ടില്ല.
ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലാണ് ശക്തി ചുഴലിക്കാറ്റുള്ളത്. യു.എസ് നാവിക സേനയുടെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്ററും (ജെ.ടി.ഡബ്ല്യു.സി) യും ചുഴലിക്കാറ്റ് രൂപപ്പെട്ടത് സ്ഥിരീകരിച്ചു. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് ശക്തി എന്ന പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാണിത്.
2024 ല്‍ അവസാനം വന്നത് ഫിന്‍ജാല്‍
2024 നവംബര്‍ 30 ന് ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റാണ് ഇന്ത്യയ്ക്ക് സമീപത്തെ അവസാന ചുഴലിക്കാറ്റ്. പുതുച്ചേരിയിലാണ് ഇതു കരകയറിയത്. സൗദി അറേബ്യയാണ് ഫിന്‍ജാലിന് പേര് നിര്‍ദേശിച്ചത്.
2024 നവംബര്‍ 7 ന് രൂപപ്പെട്ട ദന ചുഴലിക്കാറ്റും അ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരുന്നു. തീവ്ര ചുഴലിക്കാറ്റായ ഇത് ബംഗാളിനെയാണ് ബാധിച്ചത്. ഖത്തറാണ് ദനക്ക് പേരിട്ടത്.
ഇതിനു മുന്‍പ് 2024 ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 2 വരെ അസ്‌ന ചുഴലിക്കാറ്റാണ് അവസാനം അറബിക്കടലില്‍ ഉണ്ടായത്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത് ബാധിച്ചത്. പാകിസ്ഥാനാണ് അസ്‌നക്ക് പേരിട്ടത്.
ശക്തി നേരത്തെയും വിവാദമുണ്ടാക്കി
2025 മെയ് മാസത്തില്‍ ശക്തി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി വാര്‍ത്തകള്‍ വരികയും പിന്നീട് കാലാവസ്ഥാ വകുപ്പ് നിഷേധിക്കുകയും ചെയ്തിരുന്നു. ഒഡിഷയ്ക്കും പശ്ചിമബംഗാള്‍ തീരത്തിനും സമീപം ശക്തി രൂപം കൊണ്ടെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. മെയ് 23 നും 28 നും ഇടയിലായിരുന്നു ഇത്. ഇതിനു കാരണമായ ന്യൂനമര്‍ദം ശക്തിപ്പെട്ടെങ്കിലും ചുഴലിക്കാറ്റ് സ്ഥിരീകരിക്കാന്‍ വേണ്ട മാനദണ്ഡം പൂര്‍ത്തിയായിരുന്നില്ല.
ഇത്തവണയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തി രൂപപ്പെട്ടത് സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ പ്രകാരം ഒഡിഷയിലെ ഗോപാലപുരത്തു നിന്ന് 420 കി.മി അകലെയാണ് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് വടക്കു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതി തീവ്ര ന്യൂനമര്‍ദമായി ( Deep Depression) ആന്ധ്രാപ്രദേശിനും ഗോപാലപുരത്തിനും പരാദീപിനും ഇടയില്‍ ഒക്ടോബര്‍ 3 ന് കരകയറുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.