അയർലണ്ടിലുടനീളം വരും ദിവസങ്ങളിൽ കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഐറാൻ (Met Éireann) മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി താപനില -4 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട്(Status Yellow) പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രധാന മുന്നറിയിപ്പുകൾ
ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഞായറാഴ്ച രാവിലെ 11 മണി വരെയാണ് രാജ്യവ്യാപകമായ യെല്ലോ അലർട്ട് നിലവിലുള്ളത്.
ഡൊണഗൽ: വെള്ളിയാഴ്ച രാത്രി 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണി വരെ ഡൊണഗലിൽ മഞ്ഞുവീഴ്ചക്കും പ്രത്യേക മുന്നറിയിപ്പുണ്ട്.
മറ്റ് പ്രദേശങ്ങൾ: ശനിയാഴ്ച വൈകുന്നേരം മുതൽ ഡൊണഗൽ കൂടാതെ കാവൻ, മോനാഗൻ, ലൗത്ത്, കോണാട്ട് (Connacht) എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്.
അതേസമയം തലസ്ഥാന നഗരമായ ഡബ്ലിനിൽ ഇന്ന് രാത്രി താപനില -2ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയെ തുടർന്ന് റോഡുകളിൽ ഐസ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ശനിയാഴ്ച പകൽ സമയങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പകൽ സമയത്തെ ഉയർന്ന താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെയായിരിക്കും.
യാത്രക്കാർ ശ്രദ്ധിക്കാൻ
കഠിനമായ മഞ്ഞുവീഴ്ച കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാനും ഐസ് മൂലം വാഹനങ്ങൾ തെന്നിമാറാനും സാധ്യതയുണ്ട്. അതിനാൽ ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.