ഗൾഫ് രാജ്യങ്ങളിൽ കൊടും തണുപ്പ്, പലയിടത്തും മഞ്ഞുറഞ്ഞു, താപനില പൂജ്യം ഡിഗ്രിയിലും താഴെ
ജിസിസി രാജ്യങ്ങൾ കൊടും തണുപ്പിലേക്ക് കടന്നിരിക്കുകയാണ്. സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ചിലയിടങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തുകയും മഞ്ഞുറയുകയും ചെയ്തിരുന്നു. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ 10നും 15നും ഇടയിലാകും വരും ദിവസങ്ങളിലെ താപനില. അപൂർവം ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രിയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. സൈബീരിയൻ ശീതക്കാറ്റും പ്രാദേശിക ഷമാൽ കാറ്റുമാണ് ഗൾഫിലെ തണുപ്പു കൂട്ടിയത് എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സൗദിയുടെ വടക്കൻ മേഖലകളായ തബുക്ക്, അൽജൗഫ് എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തുകയും മഞ്ഞുവീഴ്ചയുണ്ടാവുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത
തലസ്ഥാനമായ റിയാദിലും കഠിന തണുപ്പ് തുടരുകയാണ്. ഒമാനിലെ ജബൽ ഷംസ് പോലുള്ള സ്‌ഥലങ്ങളിൽ താപനില പൂജ്യത്തിനും താഴെയാണ്. ഇവിടെ വരും ദിവസങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. കുവൈത്തിലെ ചിലയിടങ്ങളിൽ നിലവിൽ താപനില 3 ഡിഗ്രി സെൽഷ്യസിനു താഴേയ്ക്കെത്തി. മണിക്കൂറിൽ 60 കി.മീ വേഗത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഈ മാസം 10 മുതൽ 22 വരെ താപനില 5 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. ജബൽ ജയ്സ് പോലുള്ള പർവത നിരകളിൽ താപനില പൂജ്യത്തിലേക്ക് എത്തിയേക്കും. പുലർച്ചെയുള്ള ശക്തമായ മൂടൽമഞ്ഞ് ദൃശ്യപരിധി കുറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.
ജാഗ്രത പാലിക്കുക
ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.
English Summary : The capital Riyadh is also experiencing severe cold weather. Temperatures in places like Jebel Shams in Oman are below zero.