സൗദി അറേബ്യയിൽ മുന്നറിയിപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം പരക്കെ കനത്ത മഴ ലഭിച്ചു. കിഴക്കൻ പ്രവിശ്യയുടെ മിക്ക ഭാഗങ്ങങ്ങളിലും ശക്തമായ മഴയാണ് റിപോർട് ചെയ്തത്. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പെയ്തത്. എന്നാൽ നജ്റാൻ, ജസാൻ, അസീർ, റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും തുടരുകയാണെന്നാണ് വിവരം. പച്ച പശ്ചിമ വാതത്തിന്റെ (Western Disturbance) സ്വാധീനം മൂലം ആലിപ്പഴവർഷവും മിക്കയിടങ്ങളിലും ലഭിക്കുന്നുണ്ട്.
നജ്റാൻ ജസാൻ, അസീർ, അൽബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവർഷമാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഹഫർ ബാത്തിൻ, നാരിയ, ദമ്മാം, അൽഖോബാർ, ഖത്തീഫ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പുലർച്ചെ വരെ തുടർന്നു. കാലാവസ്ഥാ മാറ്റം ഇന്നും നാളെയും ഇതേപടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
അതേസമയം, UAE യുടെ വിവിധ ഭാഗങ്ങളിലും വ്യാഴാഴ്ചയും വെള്ളിയും മഴ ലഭിച്ചു. ദുബൈ ഹത്തയിലും റാസൽ ഖൈമയിലുമാണ് മഴ. UAE ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്.