Menu

Saudi rain

സൗദിയിൽ കനത്ത മഴ പ്രളയം: 2 മരണം

സൗദിയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെയോടെ തുടങ്ങിയ ഇടിയോടൂകൂടെയുള്ള മഴ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കി. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും കനത്ത മഴ വെള്ളത്തിനടിയിലാക്കി. കാറുകൾ ഒലിച്ചുപോയി, ഗോഡൗണുകളിൽ നിന്ന് ഫ്രിഡ്ജും മറ്റും ഒലിച്ചു പോകുന്ന വിഡിയോയും വൈറലായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. ഇതോടെ ജനജീവിതം സ്തംഭിച്ചു. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. കാറ്റും ആലിപ്പഴ വർഷവും മിന്നലും റിപ്പോർട്ട് ചെയ്തു. മദീനയിലും മഴ പെയ്തു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ പ്രഭാത നിസ്‌കാരത്തിനിടെ മഴ ലഭിച്ചു. യാമ്പൂ, തബൂക്ക്, റാബിഗ് എന്നിവിടങ്ങളിലും മഴയുണ്ടായി. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്‌കൂളുകൾക്ക് അവധി നൽകി. കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴ വിമാനസർവിസുകളെയും ബാധിച്ചു. ജിദ്ദയിലെ പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുന്നുണ്ട്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
2009 ലും മഴയെ തുടർന്ന് ജിദ്ദയിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
റിയാദിന് തെക്കു മുതൽ ഇറാഖ്, സിറിയ, തുർക്കി വരെയുള്ള മേഘസാന്നിധ്യമാണ് മഴ നൽകിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലും ഒമാനിലും മഴ ലഭിച്ചിരുന്നു. ഖത്തറിലും നാളെ ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. ലോകകപ്പിനെ ബാധിച്ചേക്കില്ല.

കൊടും ചൂടിനിടെ ഗൾഫിലെങ്ങും മഴ , അസാധാരണം

കഴിഞ്ഞ രണ്ടു ദിവസമായി ഗൾഫ് നാടുകളിൽ കനത്ത മഴയും പ്രളയവും തുടരുകയാണ്. യു.എ.ഇയിലെ ഫുജൈറയിലാണ് കനത്ത മഴ നാശനഷ്ടം വിതയ്ക്കുന്നത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രദേശങ്ങളിലും മധ്യ മേഖലയിലും കനത്ത മഴ രണ്ടുദിവസം കൂടി തുടരും . ഖത്തറിലും കുവൈത്തിലും മഴ തുടരും . ഖത്തറിൽ ജൂലൈയിൽ മഴ പെയ്യുന്നത് അസാധാരണമാണ്. കഴിഞ്ഞദിവസം ഗുജറാത്ത് ഭാഗത്ത് നിന്നുള്ള അന്തരീക്ഷ ചുഴി പാകിസ്താനിലെ കറാച്ചിക്ക് മുകളിലൂടെ സഞ്ചരിച്ച് ഇറാൻ വഴി ഗൾഫ് മേഖലയിലെത്തുകയായിരുന്നു. കറാച്ചിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ 20 പേരാണ് മരിച്ചത്. മൺസൂൺ തുടങ്ങിയതു മുതൽ ഇതുവരെ 300 പേർ പാക്കിസ്ഥാനിൽ കാലവർഷക്കെടുതിയെ തുടർന്ന് മരിച്ചതായാണ് കണക്ക്. തുടർന്ന് ഇറാനിന്റെ പ്രവിശ്യകളിലും ശക്തമായ മഴയും വെള്ളക്കെട്ടും ഉണ്ടായി. ഒമാനിലും ശക്തമായ മഴ പെയ്തു .

തുടർന്നാണ് യു.എ.ഇയിൽ മഴ ശക്തിപ്പെട്ടത്. യു.എ.ഇയിൽ രണ്ടുദിവസമായി ശക്തമായ മഴയിൽ നഗരങ്ങൾ വെള്ളത്തിലായി. പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായത്. യു.എ.ഇയിൽ എങ്ങും മഴ തുടരാനുള്ള സാധ്യതയാണ് ഇപ്പോഴുമുള്ളത്. സൗദി അറേബ്യയിലും കഴിഞ്ഞ രണ്ടു ദിവസമായി മഴ ലഭിക്കുന്നുണ്ട്. റിയാദ്, ദമാം ഉൾപ്പെടെയുള്ള മേഖലകളിൽ വ്യക്തമായ മഴ തുടരും . സൗദിയുടെ കിഴക്കൻ , മേഖല മധ്യമേഖല തുടങ്ങിയ മേഖലയിലാണ് മഴ പെയ്യുക. കടുത്ത വേനൽ തുടരുന്നതിനിടെയാണ് ഗൾഫിൽ മഴയെത്തിയത്. കഴിഞ്ഞദിവസംവരെ 50° വരെ താപനില പലയിടത്ത് റിപ്പോർട്ട് ചെയ്തിരുന്നു.