Menu

UAE rain

യു.എ. ഇ യിലും ഒമാനിലും മഴ

ദുബൈ: കാലാവസ്ഥയുടെ മാറ്റം സൂചിപ്പിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ ലഭിച്ചു.ഖോര്‍ഫുഖാന്‍ പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ കാലാവസ്ഥാ വിഭാഗം മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്ത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബൈ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി.

ചൂടിന് കുളിരായി യു.എ.ഇ യിൽ മഴയും ആലിപ്പഴ വർഷവും (video)

ചൂടിനു കുളിരായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലുമാണു കനത്ത മഴ പെയ്തത്. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങൾ (വാദികൾ) നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലായി നിർത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ട്.

മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞു. വാരാന്ത്യത്തിൽ ഇവിടെ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് റിപ്പോർട്ട്.
ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മണിക്കൂറിൽ 40 കിമീ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. രാവിലെ മൂടൽമഞ്ഞും വൈകുന്നേരങ്ങളിൽ നേരിയ കാറ്റുമുണ്ടാകും. ദൂരക്കാഴ്ച കുറയുന്നതിനാൽ വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണം. ഇതേസമയം ദുബായ്, അബുദാബി എമിറേറ്റുകളിലെ കാലാവസ്ഥയിൽ ഈ ആഴ്ച കാര്യമായ മാറ്റമുണ്ടാകില്ല.

സുഹൈൽ നക്ഷത്രം തെളിഞ്ഞതിനു പിന്നാലെ യു.എ.ഇയിൽ മഴ

ശൈത്യകാലത്തിന്റെ വരവറിയിച്ച്, യു.എ.ഇയുടെ ആകാശത്ത് ‘സുഹൈൽ’ നക്ഷത്രം തെളിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്ക്, രാജ്യത്ത് ശക്തമായ മഴ ലഭിച്ചു. അൽ ഐനിൽ ദുബൈ-അൽ ഐൻ റോഡിൽ കനത്ത മഴ പെയ്യുന്ന ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(എൻ.സി.എം)മാണ് പുറത്തുവിട്ടിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വരും ആഴ്ചകളിൽ രാജ്യത്തെ താപനില കുറയാൻ സാധ്യതയുണ്ട്.

വേനലിൻറെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന താരകമാണ് ‘സുഹൈൽ’. ഇന്നലെ പുലർച്ചെയാണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചിരുന്നു.
സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വേട്ടയാടൽ കാലത്തിന്റെ തുടക്കമായും ഇതിനെ പറയാറുണ്ട്. ‘സിറിയസി’ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ‘സുഹൈലെ’ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

സുഹൈല്‍ നക്ഷത്രം (കനോപസ്) അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകള്‍ അനുസരിച്ച് ഇത് വേനല്‍ക്കാലത്തിന്റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ ക്രമാനുഗതമായ ആരംഭത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കരുതുന്നത്.ഓഗസ്റ്റ് 24ന് പുലര്‍ച്ചെ മുതല്‍ യു.എ.ഇയുടെയും മധ്യ അറേബ്യയുടെയും തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇയുടെ ജ്യോതിശാസ്ത്രജ്ഞന്‍ നേരത്തെ പറഞ്ഞിരുന്നു. വേനല്‍ മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഉഷ്ണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. പലയിടത്തും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് ഇത്തവണ എത്തിയിരുന്നു. അന്താരാഷ്ട്ര ആസ്‌ട്രോണമി സെന്റര്‍ കണക്കനുസരിച്ച് സിറിയസ് നക്ഷത്രത്തിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഇത് ഭൂമിയില്‍ നിന്നും ഏകദേശം 313 പ്രകാശ വര്‍ഷം അകലെയാണ്. അറേബ്യന്‍ ഉപദ്വീപില്‍ ശൈത്യകാലം അവസാനം വരേ ഇതിനെ കാണാനാവും.

UAE യിൽ ഒറ്റപ്പെട്ട മഴ സാധ്യത

യു.എ.ഇയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറോളജി. കിഴക്കൻ മേഖലയിൽ ശക്തമായ മഴക്കും പ്രാദേശിക വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. റാസ് അൽ ഖൈമയിലാണ് മഴ ലഭിച്ചത്. അൽവതൻ നഗരത്തിൽ മഴക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി.
വിവിധ മേഖലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ രൂപപ്പെടുന്ന സംവഹന മേഘങ്ങൾ തെക്കൻ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. അടുത്ത നാലു ദിവസവും യു.എ.ഇയിൽ ഒറ്റപ്പെട്ട മഴ തുടരും. അതേസമയം ഇന്ന് അബൂദബിയിൽ 48 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ദുബൈയിൽ 46 ഡിഗ്രിയും രേഖപ്പെടുത്തി.

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രമായി ,അറബിക്കടലിലേത് ദുർബലം ; ഗൾഫിൽ മഴ നൽകും

ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട വെൽ മാർക്ഡ് ലോപ്രഷർ (WML) ഇന്ന് രാവിലെ വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം (Depression) ആയി. ഒഡീഷക്കും പശ്ചിമബംഗാൾ തീരത്തിനും ഇടയിലാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തുടർന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്ന് രാത്രിയോടെ കര കയറും. പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷക്കും ഇടയിലൂടെയാണ് കരകയറുക.
ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കില്ല.
അതേസമയം, അറബിക്കടലിന്റെ വടക്കുപടിഞ്ഞാറ് മേഖലയിൽ കഴിഞ്ഞദിവസം രൂപം കൊണ്ട WML ശക്തി കുറഞ്ഞ് ന്യൂനമർദമായി. ഈ സിസ്റ്റം ഇന്ന് മുതൽ ഒമാനിലും യു.എ.ഇ യിലും കനത്ത മഴ നൽകും .

ന്യൂനമർദം: UAE യിൽ മഴ ശക്തിപ്പെടും

അബൂദബിയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന ആഴ്ച അറബിക്കടലിലെ ന്യൂനമർദ്ദം മഴ UAE യിലും ഒമാനിലും നൽകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather ഉം റിപ്പോർട്ട് ചെയ്തിരുന്നു. നേരിടാൻ ദേശീയ ദുരന്തനിവാരണ സമിതി വിവിധ സർക്കാർ വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു. ജാഗ്രത പാലിക്കാൻ പൊതു ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
അറബികടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം യു.എ.ഇയുടെ തെക്ക് കിഴക്കൻ മേഖലയിൽ ഈമാസം 18 വരെ ശക്തമായ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. അബൂദബി നഗരത്തിലുൾപ്പെടെ മഴ കനക്കും എന്നാണ് പ്രവചനം. മഴവെള്ളപാച്ചിലുകളിൽ നിന്ന് അകലം പാലിക്കണമെന്നും താഴ് വരകളിലും വെള്ളകെട്ടുകളിലും വാഹനമിറക്കരുതെന്നും അബൂദബി മീഡിയ ഓഫീസും ദുരന്തനിവാരണ സമിതിയും ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.
മഴശക്തമായ സമയങ്ങളിൽ യാത്ര പരമാവധി ഒഴിവാക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം വാഹനങ്ങളിൽ പുറത്തിറങ്ങുക. ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിൽ പകൽ സമയത്തും ലോ ബീം ലൈറ്റ് തെളിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് അബൂദബി മീഡിയ ഓഫീസ് നൽകുന്നത്. അടിയന്തര ഘട്ടങ്ങൾ നേരിടാൻ രാജ്യത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളും സജ്ജമാണെന്ന് യു എ ഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

ഒമാനിൽ മഴ സാധ്യത, UAE യിൽ ഈ പ്രദേശത്ത് ചൂട് കുറയും

ഒമാനിലും യു.എ.ഇയിലും മഴ സാധ്യത. ഇന്നും നാളെയും ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും മഴ സാധ്യത. കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കി.മി വരെ ആകാം. മേഘങ്ങൾ അറബിക്കടലിൽ നിന്ന് എത്തുന്നുണ്ട്.
UAE യിൽ ചൂടുകാലാവസ്ഥ തുടരുകയാണ്. വൈകുന്നേരങ്ങളിൽ കിഴക്കൻ മേഖലയിൽ മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. ബുനാഴ്ചവരെ കിഴക്കൻ തീരദേശ മേഖലയിൽ ചൂടിന് കുറവുണ്ടാകും. എന്നാൽ വ്യാഴവും വെള്ളിയും ചൂട് താരതമ്യേന ചൂട് കൂടും. ഇപ്പോൾ 44 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഇത് 39 – 44 വരെയും തീരദേശത്ത് 31 മുതൽ 36 ഡിഗ്രി വരെയും കുറയും. ഇന്നലെ ഹമീം മേഖലയിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. 47.3 ഡിഗ്രിയാണ് താപനില. UAE യിൽ തെക്കു കിഴക്ക് ദിശയിൽ 20-25 കി.മീ വേഗതയിൽ കാറ്റ് വീശും. അറേബ്യൻ ഗൾഫും ഒമാൻ കടലും പ്രഷുബ്ധമാകും.

ഒമാനിൽ ശക്തമായ മഴ സാധ്യത, യു.എ.ഇയിലും സൗദിയിലും മഴ ലഭിക്കും

ഒമാനിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യത. ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്ന് മഴ ശക്തിപ്പെടാനാണ് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അറബിക്കടലിൽ നാലു മീറ്റർ വരെ ഉയരത്തിൽ തിരമാലകളും ഉണ്ടാകും. അൽ ഹജർ പർവത നിരകളുടെ താഴ് വാരങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യത. തലസ്ഥാനമായ മസ്‌കത്തിലും മധ്യ ഒമാനിലും മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. മഴ അടുത്ത ദിവസങ്ങളിൽ യു.എ.ഇ, സൗദി അറേബ്യയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കും വ്യാപിക്കും. യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ മഴ സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറളജി (എൻ.സി.എം) അറിയിച്ചു.

ഒമാനിൽ ജാഗ്രതാ നിർദേശം
കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ 8 സെ.മി വരെ മഴ ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ കാലാവസ്ഥാ വകുപ്പ്, സിവിൽ ഏവിയേഷൻ അതോറിറ്റി, റോയൽ ഒമാൻ പൊലിസ് എന്നിവരും ജാഗ്രത പുറപ്പെടുവിച്ചു. ഹജർ മലനിരകൾക്കൊപ്പം ബുറൈമി, ബാത്വിന, അൽ ദാഹിറ, അൽ ദാഖിലിയ എന്നിവിടങ്ങളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ചു കടക്കരുതെന്നും റോയൽ ഒമാൻ പൊലിസ് നിർദേശിച്ചു. ജൂൺ 29 ന് ജബൽ അക്തർ മേഖലയിൽ വെള്ളത്തിലൂടെ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ എസ്.യു.വി പ്രളയജലത്തിൽ കുടുങ്ങിയതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതിനെ തുടർന്നായിരുന്നു ഇത്. ഇന്ത്യയിൽ മൺസൂൺ ശക്തിപ്പെട്ടതും ന്യൂനമർദം രൂപപ്പെട്ടതിനാലും ഒമാനിലും കനത്ത മഴ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. തെക്കൻ ഒമാനിലെ സലാലയിലും ഇപ്പോൾ മഴക്കാലമാണ്. ജൂൺ 15 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് സലാലയിലെ മഴക്കാലം.

വേനൽ ചൂടിന് ആശ്വാസമായി UAE യിൽ മഴ

കടുത്ത വേനല്‍ച്ചൂടില്‍ ആശ്വാസമായി യു.എ.ഇയുടെ പലഭാഗത്തും മഴ ലഭിച്ചു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഐനിലെ നിവാസികള്‍ വേനല്‍ച്ചൂടിനിടെ ലഭിച്ച കനത്ത മഴ ആഘോഷമാക്കി. സോഷ്യല്‍ മീഡിയയാകെ യു.എ.ഇയിലെ മഴച്ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. 45 ഡിഗ്രി സെല്‍ഷ്യസ് ശരാശരി താപനിലയില്‍ നില്‍ക്കവേയാണ് ഭൂമിയെ തണുപ്പിച്ചുകൊണ്ട് മഴയെത്തിയത്.
അല്‍ ഐനില്‍ മണിക്കൂറുകളോളം ആകാശം മേഘാവൃതമായി നില്‍ക്കുകയും പിന്നീട് ശക്തമായ മഴ തന്നെ ലഭിക്കുകയുമായിരുന്നു. യു.എ.ഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു.
അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഹ്യുമിഡിറ്റിയും ഉയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെയും രാത്രി സമയത്തുമാണ് ഹ്യുമിഡിറ്റി ഉയരുന്നത്. ഇതുമൂലം ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ദുബൈ, ഷാര്‍ജ, അജ്മാന്‍, അബൂദബി എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടി നിറഞ്ഞ അവസ്ഥയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.