Menu

saudi weather

സൗദിയിൽ മഴ തുടരും: സ്കൂൾ പഠനം ഓൺലൈനിലാക്കി

സൗദിയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടർന്ന മഴ മൂലം ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മക്ക, ജിദ്ദ, റാബിഗ് , ഖുലൈസ് മേഖലകളിലാണ് മഴ തുടരുന്നത്. നാഷനൽ സെന്റർ ഓഫ് മീറ്റിയോറോളജിയുടെ പ്രവചനം അനുസരിച്ച് ഇടത്തരം മഴ തുടരും. മക്ക, ജിദ്ദ, റാബിഗ്,അൽ ബഹ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ സാധ്യത. മഴക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. മക്കയുടെ തീരദേശ മേഖലയിലാണ് കൂടുതൽ സാധ്യത. ജിദ്ദ, അൽ ജുമും, മക്ക സിറ്റി, ബഹ്‌റ, അറഫ, ഖുലൈസ്, ഒസ്ഫാൻ, അൽ കാമിൽ, റാഹത്, മൊദറാക, ഹുദ അൽ ഷാം, തുവാൽ, റാബിഗ് എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തി.

സ്‌കൂളുകൾക്ക് അവധി നൽകി മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസിലേക്ക് മാറിയെന്ന് ജിദ്ദ ഗവർണറേറ്റ് ജനറൽ ഡയരക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ വക്താവ് ഹാമൂദ് അൽ സൊഖൈറാൻ പറഞ്ഞു. കാലാവസ്ഥാ വകുപ്പായ എൻ.സി.എം ന്റെ നിർദേശത്തെ തുടർന്ന് സുരക്ഷയൊരുക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. മക്ക, ജിദ്ദ മേഖലയിലെ യൂനിവേഴ്‌സിറ്റികളിലും അവധി നൽകിയിട്ടുണ്ട്.

സൗദിയിൽ കനത്ത മഴ പ്രളയം: 2 മരണം

സൗദിയിൽ ഇന്നുണ്ടായ ശക്തമായ മഴയിൽ രണ്ടു മരണം. വ്യാഴാഴ്ച രാവിലെയോടെ തുടങ്ങിയ ഇടിയോടൂകൂടെയുള്ള മഴ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കി. താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും കനത്ത മഴ വെള്ളത്തിനടിയിലാക്കി. കാറുകൾ ഒലിച്ചുപോയി, ഗോഡൗണുകളിൽ നിന്ന് ഫ്രിഡ്ജും മറ്റും ഒലിച്ചു പോകുന്ന വിഡിയോയും വൈറലായി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. ഇതോടെ ജനജീവിതം സ്തംഭിച്ചു. 2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ജിദ്ദ, ബഹ്‌റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. കാറ്റും ആലിപ്പഴ വർഷവും മിന്നലും റിപ്പോർട്ട് ചെയ്തു. മദീനയിലും മഴ പെയ്തു. പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ പ്രഭാത നിസ്‌കാരത്തിനിടെ മഴ ലഭിച്ചു. യാമ്പൂ, തബൂക്ക്, റാബിഗ് എന്നിവിടങ്ങളിലും മഴയുണ്ടായി. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവൻ സ്‌കൂളുകൾക്ക് അവധി നൽകി. കനത്ത മഴ കാരണം മക്ക – ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുണ്യ നഗരികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഹറമൈൻ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. ഇവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴ വിമാനസർവിസുകളെയും ബാധിച്ചു. ജിദ്ദയിലെ പല വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പുറപ്പെടേണ്ട വിമാനങ്ങളും സമയം പുനഃക്രമീകരിക്കുന്നുണ്ട്. യാത്രക്കാർ പുതിയ സമയക്രമമറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോഡിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുകളുമായി സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് അധികൃതർ നിർദേശം നൽകി.
2009 ലും മഴയെ തുടർന്ന് ജിദ്ദയിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
റിയാദിന് തെക്കു മുതൽ ഇറാഖ്, സിറിയ, തുർക്കി വരെയുള്ള മേഘസാന്നിധ്യമാണ് മഴ നൽകിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലും ഒമാനിലും മഴ ലഭിച്ചിരുന്നു. ഖത്തറിലും നാളെ ഒറ്റപ്പെട്ട മഴസാധ്യതയുണ്ട്. ലോകകപ്പിനെ ബാധിച്ചേക്കില്ല.

സൗദിയിൽ ചൂട് തുടരും, ലോകത്ത് ഏറ്റവും ചൂട് കുവൈത്തിൽ

സൗദി അറേബ്യയുടെ ചില മേഖലകളിൽ കടുത്തചൂട് തുടരുന്നു. റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യകളിലും ശനിയാഴ്ച വരെ ചൂട് തുടരും. അൽ-ഖസീം, മക്ക, മദീന, റിയാദിന്റെ കിഴക്കൻ ന​ഗരങ്ങൾ എന്നിവിടങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥയും മറ്റിടങ്ങളിൽ നേരിയ ചൂടുള്ള കാലാവസ്ഥയുമാണ്. ചെങ്കടലിന്റെ തെക്ക് ഭാഗത്ത് മൂടൽ മഞ്ഞ് രൂപപ്പെട്ടേക്കും.
അൽ-അഹ്‌സ, ഹാഫ്ർ അൽ-ബാത്വിൻ എന്നിവിടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ്, ദമാമിൽ 48 ഡിഗ്രി, റിയാദിൽ 46 ഡിഗ്രി, മക്ക, മദീന, ബുറൈദ എന്നിവടങ്ങളിൽ 45 ഡിഗ്രി, ജിദ്ദ 37 ഡിഗ്രി എന്നിങ്ങനെയാണ് വരുംദിനങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നത് ഒഴിവാക്കാനാണിത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. ‌

ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് സംസ്ഥാനങ്ങളും കുവൈത്തിലാണ്. അൽ ജഹ്‌റയിലാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ആഗോള താപനില സൂചിക അനുസരിച്ച് ഞായറാഴ്ച അൽ ജഹ്‌റയിൽ 52 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂൺ 25 ന് കുവൈത്ത് നഗരമായ നവാസിബിൽ 53.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. സുലൈബിയ, വഫ്ര മേഖലകളിൽ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളിൽ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.