ജൂണിൽ 53% മഴക്കുറവ്: ജൂലൈയിൽ സാധാരണ മഴ സാധ്യത

കേരളത്തിൽ ഈ വർഷത്തെ ജൂൺ അവസാനിക്കുന്നത് സാധാരണ പെയ്യുന്നതിന്റെ പകുതി പോലും മഴ പെയ്യാതെ. സംസ്ഥാനത്തു കാലവർഷത്തിന്റെ ഭാഗമായി ലഭിക്കേണ്ട മഴയിൽ 53% കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. സാധാരണ 62.19 സെന്റിമീറ്റർ മഴയാണു ജൂണിൽ പെയ്യുന്നത്. ഇതു വരെ ലഭിച്ചത് 29.19 സെന്റിമീറ്റർ മാത്രം. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ വലിയതോതിൽ മഴക്കുറവ് ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന അണക്കെട്ടുകൾ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിൽ 69% ആണ് മഴക്കുറവ്. സാധാരണ ജൂണിൽ 70.61 സെന്റിമീറ്റർ മഴ പെയ്യുന്ന ജില്ലയിൽ ഇത്തവണ 21.18 സെന്റിമീറ്റർ ആണ് ലഭിച്ചത്.

പാലക്കാട് 66%, വയനാട് 61% എന്നിങ്ങനെയും മഴ കുറഞ്ഞു. ഇത്തവണ കാലവർഷം നേരത്തേ എത്തിയെന്നും മേയ് 29ന് ആരംഭിച്ചു എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ജൂൺ 1 മുതൽ കേരളത്തിൽ കാലവർഷം ദുർബലമാവുകയും ആയിരുന്നു. കാലവർഷത്തെ ശക്തിപ്പെടുത്തുന്ന ആഗോള അന്തരീക്ഷ പ്രതിഭാസങ്ങളുടെ അഭാവമാണ് കാലവർഷം ദുർബലമാകാൻ ഇടയാക്കിയത്.

കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 13% മഴ കുറവായിരുന്നു. ഈ വർഷവും കാലവർഷത്തിൽ നേരിയ കുറവുണ്ടാകുമെന്നു ചില ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. ജൂണിൽ മഴ കുറയുമെങ്കിലും ജൂലൈയിൽ സാധാരണ മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. കാലവർഷം ഇന്ന് മുതൽ സജീവമാകുമെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് പോസ്റ്റ് ചെയ്തിരുന്നു.

Leave a Comment