ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മറ്റു ജില്ലകളിൽ മുന്നറിയിപ്പില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് വിലക്കില്ല.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തെക്കൻ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, കേരളത്തിൻ്റെ കിഴക്കൻ മേഖലയിലും തമിഴ്നാട്ടിലും ഇന്ന് ഇടിയോടെ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. കാലവർഷക്കാറ്റ് ദുർബലമായതിനെ തുടർന്നാണിത്. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യത.