ന്യൂനമർദമല്ല: ഫിലിപ്പൈൻസിൽ പെട്ടെന്നുണ്ടായ പ്രളയത്തിലും ഉരുൾ പൊട്ടലിലും 13 മരണം

ക്രിസ്മസ് ദിനത്തിൽ തെക്കൻ ഫിലിപ്പൈൻസിലുണ്ടായ തീവ്രമഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. 23 പേരെ കാണാനില്ല. 46,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. രണ്ടു ദിവസമായി തുടർച്ചയായി പെയ്ത മഴയാണ് ക്രിസ്മസ് ദിനത്തിൽ പ്രളയമുണ്ടാക്കിയത്. 1.66 ലക്ഷം പേരെ ഈ പ്രളയം ബാധിച്ചുവെന്നാണ് നാഷനൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആന്റ് മാനേജ്‌മെന്റ് കൗൺസിൽ ( National Disaster Risk Reduction and Management Council) കണക്കുകൾ.
ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. ഈ മേഖലകളിൽ പൊലിസും അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പുഴകൾ റോഡുകളിലൂടെ കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. പന്നി, കന്നുകാലികൾ, കോഴി, ആട് എന്നിവയും ഒഴുക്കിൽപ്പെട്ട് ചത്തുവെന്ന് ക്ലാരിൻ ടൗൺ മേയർ എമെറ്റെറിയോ റോവ പറഞ്ഞു.

മഴക്ക് കാരണം ന്യൂനമർദമല്ല
ക്രിസ്മസ് ഫിലിപ്പൈൻസിലെ പ്രധാന ആഘോഷമാണ്. ഈ സമയത്ത് ന്യൂനമർദമോ മറ്റോ കനത്ത മഴ നൽകാറില്ല. ഇത്തവണ മഴ നൽകിയതും ന്യൂനമർദമില്ല. ചൂടുള്ള വായുവും തണുത്ത കാറ്റും സംയോജിച്ച് മേഘങ്ങൾ രൂപപ്പെട്ടതാണ് പേമാരിക്ക് കാരണം. തെക്കൻ ഫിലിപ്പൈൻസിൽ ഇത് കനത്ത മഴ നൽകി. മുൻപ് കൊച്ചിയിലും ചക്രവാതച്ചുഴിയിൽ സമാനരീതിയിൽ കനത്ത മഴയുണ്ടാകുകയും നഗരം വെള്ളത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ ഫിലിപ്പൈൻസിൽ ചൂടുള്ള കാറ്റും തണുത്ത കാറ്റുമാണ് മഴക്ക് കാരണമായത്.

Leave a Comment