ബേംബ് സൈക്ലോൺ: മഞ്ഞു വീണ് US ൽ 57 മരണം

അമേരിക്കയിൽ കനത്ത ഹിമപാതത്തെ തുടർന്ന് 57 പേർ മരിച്ചു. കാനഡയിലും അതിശൈത്യവും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നത്. 27 പേർ പടിഞ്ഞാറൻ ന്യൂയോർക്കിലെ എറി കൗണ്ടിയിൽ മാത്രം മരിച്ചു. ന്യൂയോർക്കിൽ 45 വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ബോംബ് സൈക്ലോൺ എന്ന പേരിലാണിത് അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അതിശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടത്. പടിഞ്ഞാറൻ ന്യൂയോർക്കിനെയാണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. ഹിമക്കാറ്റും ആർട്ടിക് ഹിമപാതവും യു.എസിലെ മിക്ക സംസ്ഥാനങ്ങളെയും ബാധിച്ചു.

വിമാനങ്ങൾ റദ്ദാക്കി
2085 വിമാനങ്ങളാണ് ഇന്നലെ ഉച്ചവരെ റദ്ദാക്കിയത്. ഡെൻവർ, അറ്റ്‌ലാന്റ, ലാസ് വേഗാസ്, സേറ്റൽ, ബാൾട്ടിമോർ, ഷിക്കാഗോ വിമാനത്താവളങ്ങളെ ഹിമപാതം ബാധിച്ചു.അമേരിക്കയിലെ 60 ശതമാനം പേരെയും മഞ്ഞു വീഴ്ച ബാധിച്ചു. ഒരുലക്ഷം വീടുകൾ മഞ്ഞിനടിയിലായി.

ഏറ്റവും കൂടുതൽ മരണം ന്യൂയോർക്കിൽ
ന്യൂയോർക്കിലെ എറി കൗണ്ടിയിലെ ബഫാലോയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 18 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇവിടെ റോഡുകളെല്ലാം മഞ്ഞിനടിയിലാണ്. യാത്രാ സംവിധാനം പൂർണമായി തടസ്സപ്പെട്ടു. ഇനിയും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. യു.എസിലെ മറ്റു പ്രദേശങ്ങളിലും ശൈത്യം തുടരുകയാണ്. ബഫാലോയിൽ മൂന്നു ദിവസത്തിനിടെ 49.2 ഇഞ്ചും, വാട്ടർടൗണിൽ 41.1 ഇഞ്ചും മഞ്ഞുവീണു. ജനങ്ങൾ വീട്ടിൽ കഴിയണമെന്ന് പലയിടത്തും നിർദേശം നൽകി.
കാനഡയിലും കടുത്ത ശൈത്യവും വൻ മഞ്ഞുവീഴ്ച തുടരുകയുമാണ്. മെക്‌സിക്കൻ അതിർത്തിയിലെ ഗ്രേറ്റ് ലേയ്ക് കാനഡ മുതൽ റിയോ ഗ്രാന്റ് വരെ ഹിമപാതം ശക്തമാണ്. യു.എസിലെ 12 സംസ്ഥാനങ്ങളെയാണ് അതിശൈത്യം ബാധിച്ചത്. കൊളറാഡോ, ഇല്ലിനോയ്‌സ്, കനാസസ്, കെന്റുകി, മിഷിഗൺ, മിസൗറി, നെബ്രാസ്‌ക, ന്യൂയോർക്ക്, ഒഹിയോ, ഒക്‌ലഹോമ, ടെന്നിസി, വിസ്‌കോസിൻ എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത ഹിമപാതം തുടരുന്നത്. ബഫാലോയിൽ മണിക്കൂറിൽ 2 മുതൽ 3 ഇഞ്ച് മഞ്ഞാണ് വീഴുന്നത്. 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകാമെന്നാണ് കാലാവസ്ഥാ ഏജൻസിയായ നാഷനൽ വെതർ സർവിസ് പറയുന്നത്.

Leave a Comment