‘കടുത്ത ചൂടിനെ മറികടക്കാൻ മാർഗങ്ങൾ തേടുന്ന ജനം’; ഇനിയെങ്കിലും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കൂ

‘കടുത്ത ചൂടിനെ മറികടക്കാൻ മാർഗങ്ങൾ തേടുന്ന ജനം’; ഇനിയെങ്കിലും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കൂ

കടുത്ത ചൂടിനെ മറികടക്കാൻ മാർഗങ്ങൾ തേടി ഓടുകയാണ് ജനങ്ങൾ. ഇത്തരം കാലാവസ്ഥ മാറ്റം ഒരു വർഷത്തിനു മുൻപ് തന്നെ metbeat weather ഉൾപ്പെടെയുള്ള വിവിധ കാലാവസ്ഥ ഏജൻസികളും, കാലാവസ്ഥ വിദഗ്ധരും പ്രവചിച്ചതാണ്. എന്നാൽ അന്നൊക്കെ കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചിരുന്ന ജനം ഇപ്പോൾ നെട്ടോട്ടം ഓടുകയാണ്. ലോക സംഘടനയായ ഡബ്ലിയു എം ഒ യും 2023 ൽ ഇതേ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 നും 2027 നും ഇടയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ആഗോള താപനില മുമ്പുള്ള ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസോ അതിലും കൂടുതലാകാനോ 66 ശതമാനം സാധ്യതയുണ്ടെന്നും (ഡബ്ല്യു​എംഒ) മുന്നറിയിപ്പു നൽകിയിരുന്നു.

ഇത് 98% വും 2016 ൽ അനുഭവിച്ച ചൂടിനെ മറികടക്കുമെന്നും സൂചന നൽകിയിരുന്നു. നൂറുവർഷത്തിലൊരിക്കൽ മാത്രമേ ഇത്തരം സംഭവങ്ങൾ നടക്കൂവെന്നാണ് കരുതിയിരുന്നത്, എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അഞ്ച് വർഷത്തിലൊരിക്കൽ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും അന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്ത അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും വാർഷിക ശരാശരി താപനില മുമ്പുള്ള ശരാശരിയേക്കാൾ 1.1 മുതൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് ഡബ്ല്യുഎംഒ 2023ല്‍ പറഞ്ഞിരുന്നു . 1.5 ഡിഗ്രി സെൽഷ്യസ് എന്നത് വളരെ വേഗം സ്ഥിരമായി സംഭവിക്കാനും സാധ്യതയുണ്ട്.

അതേസമയം കേരളത്തിൽ ഇന്നലെ (06/04/24) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. 41.5 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. വേനൽ മഴ കാര്യമായി ലഭിക്കാത്തതും വേനൽക്കാലം പിന്നിടാൻ ഇനി ഒരു മാസത്തിലേറെ ഉണ്ട് എന്നതും മലയാളികളുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുന്നുമുണ്ട്.

ചൂടിനെ മറികടക്കാൻ എസി ഇല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന ചിന്ത ജനങ്ങളുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നു. സാധാരണ മാർച്ചിൽ തുടങ്ങേണ്ട വേനൽ ചൂട് ഇത്തവണ നേരത്തെ തുടങ്ങി. മിക്ക ജില്ലകളിലും പകൽ ചൂട് മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. കാലാവസ്ഥ മാറ്റവും, എൽ നിനോ പ്രതിഭാസവും ആണ് ഇത്തരം മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന എൽനിനോ പ്രതിഭാസം ലോക കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതാണ്.

ഇത്തവണ വേനൽ മഴയും പണി തന്നു

വേനൽ ചൂടിന് കുറച്ചെങ്കിലും ആശ്വാസമായി എത്തുന്നത് വേനൽ മഴയാണ്. എന്നാൽ ഇത്തവണ വേനൽ മഴയും പണി തന്നു. അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ഇത്തവണയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ ആറു വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ലഭിച്ച മഴ 16.8 എംഎം ആണ്. ജില്ലാ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ഈ വർഷം തന്നെ.

തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തവണ വേനൽ മഴ കുറവാണ്. എന്നാൽ തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വേനൽ മഴ ഈ കാലയളവിൽ ലഭിക്കുന്നതിൽ കൂടുതൽ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 51 എം എം മഴ ലഭിച്ചു. കഴിഞ്ഞവർഷം ഈ കാലയളവിൽ 15 mm മഴ മാത്രമായിരുന്നു ലഭിച്ചത്. തൃശ്ശൂർ ജില്ലയിൽ 6.6 mm മഴ ഇത്തവണ ലഭിച്ചപ്പോൾ 2023 ൽ 4.1 mm മഴ മാത്രമായിരുന്നു ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ 36 എം എം മഴ ലഭിച്ചു. എന്നാൽ ചൂടിൽ വലയുന്ന വടക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മാപ്പിനികളിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷവും സമാന അവസ്ഥയായിരുന്നു.

കടുത്ത ചൂടിന് ആശ്വാസമാകാൻ ഇനിയെന്ന് വേനൽ മഴ

ചൂടിന് കുറച്ച് ആശ്വാസം നൽകി ഏപ്രിൽ 12ന് ശേഷം വേനൽ മഴ ലഭിച്ചു തുടങ്ങും എന്നാണ് കാലാവസ്ഥ ഏജൻസികൾ പറയുന്നത്. വടക്കൻ കേരളത്തിൽ ഏപ്രിൽ 12ന് ശേഷം വ്യാപകമായ ലഭിക്കുമെന്നും, വിഷുവിനും പിറ്റേന്നും വടക്കൻ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും metbeat weather നിരീക്ഷകർ പറയുന്നു.

കേരളത്തിലെ തണുപ്പൻ ജില്ലകളായ മൂന്നാറിലും വയനാട്ടിലുമെല്ലാം മുൻ വർഷത്തെ അപേക്ഷിച്ച് താപനില വർദ്ധിച്ചു. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, മാർച്ച് ആദ്യം തന്നെ ഹിൽ സ്റ്റേഷനിൽ 28 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു.

ചൂട് വർദ്ധിച്ചതോടെ വന്യമൃഗശല്യവും രൂക്ഷം

ഉൾവനത്തിൽ ചൂട് വർദ്ധിച്ചതും, ആവശ്യത്തിന് വെള്ളവും ഭക്ഷണം ലഭിക്കാത്തതും മൂലം വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി. കടുത്ത ചൂടിനൊപ്പം വന്യമൃഗങ്ങളെ പേടിച്ചാണ് ജനങ്ങൾ കഴിയുന്നത്. വേനൽ രൂക്ഷമായതോടെ കൃഷി എല്ലാം നശിച്ചതും വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും എല്ലാം കർഷകർക്കും ദുരിതങ്ങളാണ് വിതയ്ക്കുന്നത്.

ചൂടിൽ ലാഭം കൊയ്ത് വ്യാപാരികൾ

ചൂട് വർദ്ധിച്ചതോടെ എസി വില്പനയിൽ വൻവർദ്ധനവ് ഉണ്ടായെന്ന് വ്യാപാരികൾ. നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ കച്ചവടമാണ് ഈ വർഷം എസി വില്പനയിൽ നടന്നതെന്ന് വ്യാപാരികൾ ഒന്നടങ്കം പറയുന്നു. പല സ്ഥാപനങ്ങളിലും പറയുന്ന സമയത്ത് എ സി കൊടുക്കാൻ പറ്റുന്നില്ല, എസി വാങ്ങിക്കഴിഞ്ഞാൽ തന്നെ അത് സ്ഥാപിക്കാൻ ഒരാഴ്ചയിലധികം സമയവും എടുക്കുന്നുണ്ട്. ചൂട് ഇനിയും വർദ്ധിക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും എ സി വില്പന റെക്കോർഡിൽ എത്തും.

കനത്ത ചൂടിൽ റെക്കോർഡ് ഇട്ട് വൈദ്യുതി ഉപയോഗവും

ചൂട് വർദ്ധിച്ചതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. പീക്ക് സമയത്തെ വൈദ്യുത ഉപഭോഗം സർവകാല റെക്കോർഡിലാണ്. പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കുകയാണ്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ 300 മുതൽ 600 വാട്ട് വരെ ഉയർന്ന വിലയ്ക്ക് വാങ്ങുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിക്കാൻ കെഎസ്ഇബി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എസി,ഫാൻ ഉപയോഗം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ അത്യാവശ്യമല്ലാത്ത സമയങ്ങളിൽ മറ്റു വൈദ്യുത ഉപകരണങ്ങൾ പൂർണമായും ഒഴിവാക്കാൻ കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നു.

വേനൽ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. വൈദ്യുതി വ​കു​പ്പിന്റെ അണക്കെട്ടുകളിൽ ശരാശരി 46 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. ഇത് ഉപയോഗിച്ച് 1901 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉൽപാദിക്കാനാവുകയുള്ളൂ. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2348.7 അടിയിലെത്തി. ഇത് പൂർണസംഭരണ ശേഷിയുടെ 45 ശതമാനമാണ്. 

മത്സ്യബന്ധന മേഖലയിലും ദുരിതത്തിൽ

ചൂടു വില്ലൻ ആയത് മത്സ്യത്തൊഴിലാളികളെയും, കോഴി കർഷകരെയും ബാധിച്ചു. സമുദ്രോപരിതലത്തിൽ വെള്ളത്തിന്‍റെ ഊഷ്മാവ് വർധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ നിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം. ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ ചെറുതോണികളിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് മീൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വലിയ ബോട്ടുകൾ കടലിൽ പോകുമ്പോൾ മത്സ്യം ലഭിക്കാതെ വരുന്നതോടെ വലിയ നഷ്ടമാണ് തൊഴിലാളികൾ നേരിടുന്നത്. ഇന്ത്യൻ ഓഷൻ ഡൈപോളാർ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടിടങ്ങൾ തമ്മിൽ താപനിലയിൽ വ്യത്യാസം ഉണ്ടാവുന്നതാണ് ഓഷൻ ഡൈപോളാർ. ഇത്തരം സാഹചര്യം വരുമ്പോൾ ചൂട് കൂടിയ ഇടത്തുനിന്നും ചൂടു കുറഞ്ഞ പ്രദേശത്തേക്ക് മത്സ്യങ്ങൾ പോകും. ഇതോടെ ഓഷൻ ഡൈപോളാർ പോസിറ്റീവായ പ്രദേശത്തെ ചെറു മത്സ്യങ്ങളെല്ലാം അപ്രത്യക്ഷമാകും. ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധന മേഖലയിൽ വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല. അതിനിടെ താപനിലയിലെ വർധനവ് കൂടെയായപ്പോൾ മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായി. ചൂട് വർദ്ധിച്ചതോടെ കോഴികൾ ചത്തു പോകുന്നത് കോഴി കർഷകർക്കും വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തുന്നു.

metbeat news


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment