പാലക്കാട് റെക്കോർഡ് ചൂട്; അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ

പാലക്കാട് റെക്കോർഡ് ചൂട്; അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ

കേരളത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്ന് (06/04/24) പാലക്കാട് രേഖപ്പെടുത്തി. 41.5 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയ ചൂട്. മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ ചൂട് 41.8 ഡിഗ്രി സെൽഷ്യസ് ആണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിൽ ചൂടുകടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസമാണ്. 2019 ശേഷം ആദ്യമായാണ് കേരളത്തിൽ 41 ഡിഗ്രിക്ക് മുകളിൽ താപനില ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. 2019ൽ 41.1 ഡിഗ്രി ആയിരുന്നു ഏറ്റവും ഉയർന്ന ചൂടായി രേഖപ്പെടുത്തിയിരുന്നത്.

2016ലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പാലക്കാട് ജില്ലയിലെ മുഴുവൻ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി മുതൽ 44 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ ഇന്ന് (06/04/24) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഇന്ന് പുനലൂരിൽ രേഖപ്പെടുത്തിയ താപനില 39.6 ഡിഗ്രി സെൽഷ്യസും കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ 37.6 ഡിഗ്രി സെൽഷ്യസ്,വെള്ളാനിക്കര 38.5, കോട്ടയം 37.5 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.

അതേസമയം അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ചത് ഇത്തവണ. മാർച്ച് 1 മുതൽ ഏപ്രിൽ ആറു വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഇതുവരെ ലഭിച്ച മഴ 16. 8mm ആണ്. ജില്ലാ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിലും അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴയാണ് തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ഒഴികെയുള്ള ജില്ലകളിൽ എല്ലാം ഇത്തവണ ലഭിച്ചത്.

എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ 51 mm മഴ ലഭിച്ചു. കഴിഞ്ഞവർഷം 15 എംഎം മഴ മാത്രമാണ് ഈ കാലയളവിൽ ലഭിച്ചത്. തൃശ്ശൂർ ജില്ലയിൽ 6.6 എം എം മഴ ഇത്തവണ ലഭിച്ചപ്പോൾ 2023ൽ 4.1 mm മഴ മാത്രമായിരുന്നു ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ 36 എം എം മഴ ഈ കാലയളവിൽ ലഭിച്ചു.

അതേസമയം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലെ കാലാവസ്ഥ വകുപ്പിന്റെ മഴ മാപ്പിനികളിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷവും ഇതേ അവസ്ഥയായിരുന്നു.

വരണ്ടിരിക്കുന്ന വടക്കന്‍ കേരളത്തില്‍ വ്യാപകമായ വേനല്‍ മഴ ലഭിക്കാന്‍ ഈ മാസം 12 വരെ കാത്തിരിക്കേണ്ടി വരും. 12 ന് ശേഷം വടക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു തുടങ്ങും. വിഷുവിനും പിറ്റേന്നും വടക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ സാധ്യതയുണ്ടെന്ന് metbeat weather നിരീക്ഷകര്‍ പറയുന്നു.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment