സ്വകാര്യമേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച് യുഎഇ മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം സമഗ്രമായ ബോധവൽക്കരണ മാർഗനിർദേശം പുറത്തിറക്കി. തൊഴിൽ ഉൽപാദനക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങളും തമ്മിൽ സുതാര്യതയും സന്തുലിതാവസ്ഥയും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ സമയവും അധിക വേതനവും യുഎഇയിൽ തൊഴിൽ നിയമമനുസരിച്ച് ഒരു ദിവസത്തെ പരമാവധി പ്രവർത്തന സമയം എട്ട് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂററും ആണ്. ചില പ്രത്യേക മേഖലകളിൽ നിയമപരമായ പരിധിക്കുള്ളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ഇളവുണ്ട്. ഓവർടൈം: ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ പാടില്ല. മൂന്നാഴ്ച കാലയളവിൽ ആകെ ജോലി സമയം 144 മണിക്കൂറിൽ കൂടാൻ പാടില്ല. ഓവർടൈം വേതനം: അധിക ജോലി ചെയ്യുന്നതിന് അടിസ്ഥാന വേതനത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത അധിക വേതനം ജീവനക്കാർക്ക് ലഭിക്കും. രാത്രി 10 മുതൽ പുലർച്ചെ 4 വരെയുള്ള സമയത്താണ് ഓവർടൈം എങ്കിൽ, അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം അധികമായി നൽകും. (ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ല). ആഴ്ചാവധിയിലെ ജോലി: ആഴ്ചയിൽ അവധി നൽകേണ്ട ദിവസം ജോലി ചെയ്യേണ്ടി വന്നാൽ പകരം ഒരു ദിവസത്തെ അവധിയോ അല്ലെങ്കിൽ അന്നത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അധിക വേതനമോ നൽകേണ്ടി വരും. ശമ്പളം: ജീവനക്കാരുടെ ശമ്പളം കൃത്യമായി ഉറപ്പാക്കുന്ന വേജ് പ്രൊട്ടക് ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴിയാണ് എല്ലാ ശമ്പള വിതരണവും നൽകേണ്ടത്. ശമ്പള വിതരണം: ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഡബ്ല്യുപിഎസ് വഴി നൽകണം. ചെലവുകൾ: ഡബ്ല്യുപിഎസ് വഴിയുള്ള ശമ്പള കൈമാറ്റം, റജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ചെലവുകളുടെയും പൂർണ ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് മാത്രമായിരിക്കും. ഈ ചെലവുകൾ ജീവനക്കാർ വഹിക്കേണ്ട ആവശ്യമില്ല. സാമ്പത്തിക ബുദ്ധിമുട്ട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾ നിയമപരമായ മാർഗനിർദേശങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയത്തെ സമീപിക്കണമെന്ന് അധികൃതർ. അവധികൾ സംബന്ധിച്ച നിയമങ്ങൾ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഫെഡറൽ തൊഴിൽ നിയമം അനുശാസിക്കുന്ന വിവിധ തരം അവധികൾ മാർഗനിർദേശത്തിൽ വിശദീകരിക്കുന്നു. വാർഷിക അവധി: ഒരു വർഷത്തെ സേവനത്തിന് 30 ദിവസം ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹത ഉണ്ട്. പ്രത്യേക അവധികൾ (സ്പെഷ്യൽ ലീവ്) ദുഃഖാചരണം : പങ്കാളിയുടെ മരണത്തിന് അഞ്ച് ദിവസവും അടുത്ത ബന്ധുവിന്റെ മരണത്തിന് മൂന്ന് ദിവസവും അവധി നൽകണം. രക്ഷാകർതൃ അവധി: കുട്ടി ജനിച്ച് ആദ്യത്തെ ആറ് മാസത്തിനുള്ളിൽ അച്ഛനോ അമ്മയ്‌ക്കോ അഞ്ച് ദിവസം രക്ഷാകർതൃ അവധി (പാരന്റൽ ലീവ്) എടുക്കാൻ സാധിക്കും. പഠനാവധി: കുറഞ്ഞത് രണ്ട് വർഷത്തെ സർവീസ് പൂർത്തിയാക്കിയ എമിറാത്തി ജീവനക്കാർക്ക് പരീക്ഷ എഴുതുന്നതിനായി പഠനാവധിക്കും അർഹത. ദേശീയ സേവനം: നിർബന്ധിത ദേശീയ സേവനം നടത്തുന്ന പൗരന്മാർക്ക് യുഎഇ നിയമങ്ങൾക്കനുസരിച്ച് അവധി അനുവദിച്ചു കിട്ടും. Metbeat news