ജോലി തേടി എത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ പുതിയ സ്ഥാപനവുമായി ഒമാൻ

സർക്കാർ ഏജൻസികൾക്കൊപ്പം ചേർന്ന് റിക്രൂട്ട്മെന്റ് രീതികൾ ഏകീകരിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ തടയുകയുമാണ് പ്രധാന ലക്ഷ്യം.

Maneesha M.K
1 min mins read

ജോലി തേടി എത്തുന്ന പ്രവാസികളെ സംരക്ഷിക്കാൻ പുതിയ സ്ഥാപനവുമായി ഒമാൻ

പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികളെ നിയന്ത്രിക്കാനായി പുതിയ സ്ഥാപനം രൂപീകരിച്ചിരിക്കുകയാണ് ഒമാൻ. "അസോസിയേഷൻ ഓഫ് എക്സ്പാട്രിയേറ്റ് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസസ്" എന്ന പേരിലാണ് പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയിരിക്കുന്നത്. 

സർക്കാർ സുരക്ഷിതത്വം ഉറപ്പാക്കും

സർക്കാർ ഏജൻസികൾക്കൊപ്പം ചേർന്ന് റിക്രൂട്ട്മെന്റ് രീതികൾ ഏകീകരിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ തടയുകയുമാണ് പ്രധാന ലക്ഷ്യം. ഒമാനിലെയും വിദേശത്തെയും സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നയങ്ങൾ രൂപീകരിക്കുകയും ലൈസൻസുള്ള ഏജൻസികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും. 

അതേസമയം പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിലും സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തും. വിദേശ എംബസികളുമായി വിദേശകാര്യ മന്ത്രാലയത്തിലൂടെ ബന്ധപ്പെട്ട് പരിഹാര മാർഗങ്ങൾ ഉപയോഗിച്ച് കേസുകൾ കോടതി വരെയെത്താതെ തീർപ്പാക്കുകയുംചെയ്യും. 

1764058148W.webp  

യോഗ്യതയുള്ള തൊഴിലാളികളെ നിയന്ത്രിത ചാനലുകളിലൂടെ ഒമാനിലെത്തിക്കാൻ സർക്കാരിനെ സഹായിക്കുകയും തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായുള്ള ധാരണാപത്രങ്ങൾ സാധൂകരിക്കുകയും വിവിധ ദേശീയതകളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് പൈപ്പ്‌ലൈനുകൾ വിപുലീകരിക്കുകയും ചെയ്യും. 

കർശന നടപടി സ്വീകരിക്കും

ലൈസൻസില്ലാത്ത ഏജൻസികളെ കണ്ടെത്തി ഇല്ലാതാക്കാനും അധികൃതരുമായി ചേർന്ന് കർശന നടപടി സ്വീകരിക്കും. 12 അംഗ ഭരണസമിതിയായിരിക്കും സ്ഥാപനത്തെ നയിക്കുക. അംഗങ്ങൾക്ക് രണ്ട് വർഷം കാലാവധിയുണ്ടാകും. ഒരു തവണ മാത്രം പുനർനിയമനം സാധ്യമാണ്. 

ആദ്യ ജനറൽ അസംബ്ലിയിൽ സ്ഥാപക അംഗങ്ങൾക്ക് ഭരണസമിതിയിലേക്ക് മത്സരിക്കാം. അംഗത്വ ഫീസ്, സർക്കാർ സബ്‌സിഡി, അംഗീകൃത സംഭാവനകൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവയിൽ നിന്നാണ് ധനസമാഹരണം.

പ്രവാസികൾക്ക് ആശ്വാസം

ഒമാനിലെ തൊഴിൽ വിപണിയിലെ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ പുതിയ അസോസിയേഷൻ. പ്രവാസി തൊഴിലാളികൾക്കും ലൈസൻസുള്ള ഏജൻസികൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

English Summary: Streamline recruitment with government agencies, ensuring safety and protecting licensed agencies' rights while swiftly resolving expatriate worker disputes.