ഏറ്റവും മഹോഹരമായ ഉൽക്കാവർഷം കാണാൻ ഒരുങ്ങി ഒമാൻ, കാണാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഏറ്റവും മനോഹരമായ ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ കാണാന്‍ സാധിക്കും. ശനിയാഴ്ച രാത്രി തുടങ്ങുന്ന ഉല്‍ക്കകളുടെ അതിവര്‍ഷം ചന്ദ്രോദയത്തിന് മുന്‍പാണ് ഏറ്റവും വ്യക്തമായും ഭംഗിയോടെയും കാണാനാകുമെന്ന് ഒമാന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫോട്ടോഗ്രഫി കമ്മിറ്റി ചെയര്‍മാന്‍ ഖാസിം ഹമദ് അല്‍ ബുസൈദി അറിയിച്ചു.
മണിക്കൂറിൽ 120 ഉൽക്കകൾ വരെ കാണാം
രാത്രി 12.50നാണ് ചന്ദ്രോദയം. അതിനാല്‍ ഇതിന് മുന്‍പുള്ള സമയം നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രപ്രകാശം ഉയരുന്നതോടെ ഉല്‍ക്കകളുടെ ദൃശ്യഭംഗി കുറയുന്നതിനാല്‍ കുറഞ്ഞ പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങളില്‍നിന്ന് കിഴക്കന്‍ ആകാശത്തിലേക്ക് നോക്കുക മതിയാകും. മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍ വരെ കാണാന്‍ കഴിയും. ഫൈത്തണ്‍ 3200 എന്ന ഛിന്നഗ്രഹത്തില്‍നിന്ന് വിസര്‍ജിക്കപ്പെട്ട അവശിഷ്ടങ്ങളാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷത്തിന് കാരണമാകുന്നത്.
എന്താണ് ഉൽക്കകൾ
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു. ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്. വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.
ഒരു വർഷം 15000 ടണ്ണിലേറെ ഉൽക്കകൾ ഭൂമിയിലെ അന്തരീക്ഷത്തിലെത്തുന്നു
സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്. ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.
English Summary : Discover the fascinating world of meteoroids, small celestial bodies traveling through space. Learn about their origins and the science behind these cosmic travelers.