ബംഗാൾ ഉൾക്കടലിൽ 25ന് പുതിയ ന്യൂനമർദ്ദം ; കേരളത്തിൽ മഴ തിരികെയെത്തും
ബംഗാൾ ഉൾക്കടലിൽ ഈ മാസം 25 ഓടെ പുതിയ ന്യൂനമർദ്ദം ( low pressure area) രൂപപ്പെടും. മ്യാൻമർ - ബംഗ്ലാദേശ് തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെടുക. കേരളത്തിൽ ഈ മാസം 25ന് ശേഷം മഴ കൂടുതൽ സജീവമാകാൻ സാധ്യത. 22ന് ശേഷം ഒറ്റപ്പെട്ട മഴ പലയിടങ്ങളിലും ലഭിക്കും.
കഴിഞ്ഞ തവണത്തെ പോലെ ന്യൂനമർദ്ദം ശക്തമായ മഴ കേരളത്തിൽ നൽകാൻ സാധ്യത കുറവാണ്. എങ്കിലും ഇടത്തരം മഴ തുടരും. കഴിഞ്ഞദിവസം മുതൽ അറബിക്കടലിൽ മേഘ രൂപീകരണം തുടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. തീരദേശത്തും അറബിക്കടലിലും മഴയുണ്ടാകും.
അതിനിടെ വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ നിന്നും കാലവർഷം വിടവാങ്ങുന്നത് (withdrawal of south west monsoon) മന്ദഗതിയിൽ പുരോഗമിക്കുകയാണ്. കാശ്മീർ, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മഴ കുറയുകയും വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു.
ഉത്തരേന്ത്യയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഇതോടെ കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് വിടവാങ്ങാൻ തുടങ്ങും.
ദക്ഷിണ ഇന്ത്യയിൽ ഇനിയും കാലവർഷം വിടവാങ്ങാൻ സമയം ബാക്കിയുള്ളതിനാൽ, വരുന്ന ന്യൂനമർദങ്ങളുടെ സ്വാധീനം മൂലം മഴ തുടരും. കേരളത്തിൽ തിങ്കളാഴ്ച മുതൽ തന്നെ മഴയിൽ വർദ്ധനവ് അനുഭവപ്പെടാം. ഈ മാസം അവസാനം വരെ മഴ നീണ്ടുനിൽക്കാനാണ് സാധ്യത.
English Summary: New low pressure area in Bay of Bengal on 25th; Rains will return to Kerala