ന്യൂനമര്‍ദം വടക്കന്‍ കേരളത്തിനു മുകളിലേക്ക്, ഇന്നത്തെ മഴ വിവരങ്ങള്‍ അറിയാം

ന്യൂനമര്‍ദം വടക്കന്‍ കേരളത്തിനു മുകളിലേക്ക്, ഇന്നത്തെ മഴ വിവരങ്ങള്‍ അറിയാം

ഇന്ന് രാവിലെ തമിഴ്‌നാടിന് മുകളില്‍ ശക്തികുറഞ്ഞ് തീവ്രന്യൂനമര്‍ദമായ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും കേരളത്തിലും നല്‍കിയത് പേമാരി. രാത്രിയോടെ ഫിന്‍ജാല്‍ ന്യൂനമര്‍ദമായി ശക്തികുറഞ്ഞിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിന് മുകളിലെത്തും.

ഫിന്‍ജാല്‍ കരകയറിയതു മുതല്‍ ഇതുവരെ 22 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് കണക്കുകള്‍. പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമാണ് വ്യാപക നാശനഷ്ടവും ആള്‍നാശവും റിപ്പോര്‍ട്ട് ചെയ്തത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകയ്ക്ക് മധ്യഭാഗത്ത് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന അവസ്ഥ ഈ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് കാരണമായി.

റെയില്‍ ഗതാഗതം മുടങ്ങി

തമിഴ്‌നാട്ടിലെ വിക്രവണ്ടിക്കും മുണ്ടിയാം പക്കത്തിനും ഇടയിലെ നദികള്‍ കരകവിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലായതോടെ റെയില്‍ ഗതാഗതവും മുടങ്ങി.

തമിഴ്‌നാടിനെ പ്രളയത്തിലാക്കി

തമിഴ്‌നാട്ടിലെ വിഴുപുരം, കൃഷ്ണഗിരി, ധര്‍മപുരി, തിരുവണ്ണാമലൈ, കടലൂര്‍ ജില്ലകളിലും മഴയെ തുടര്‍ന്ന് പ്രളയമുണ്ടായി. ഹൊസൂരില്‍ ഇന്നലെയും കനത്ത മഴയായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ തുടങ്ങിയ മഴ ഇന്നലെയും ഇടവേളയില്ലാതെ ഇവിടെ പെയ്തു. തമിഴ്‌നാട്ടിലെ ജില്ലകളില്‍ ജലസംഭരണികള്‍ കരകവിഞ്ഞൊഴുകിയിട്ടുണ്ട്. സംസ്ഥാനത്ത് 1.29 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. ദുരന്ത പ്രതികരണ സേന, അഗ്‌നിരക്ഷാ സേന, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പുതുച്ചേരിയിലും കനത്ത നാശം

പുതുച്ചേരിയിലും മഴക്കെടുതി രൂക്ഷമാണ്. തീരദേശ ജില്ലകള്‍ പ്രളയക്കെടുതി നേരിടുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ചുഴിലിക്കാറ്റിലും മഴയിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം സഹായധനം അനുവദിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി അറിയിച്ചു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന 3.54 ലക്ഷം കുടുംബങ്ങള്‍ക്ക് 5,000 രൂപവീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കര്‍ണാടകയിലും കനത്ത മഴ

ഇന്ന് രാവിലെ തീവ്രന്യൂനമര്‍ദം ധര്‍മപുരി കടന്ന് ഉച്ചയോടെ സേലത്തിന് സമീപമെത്തി. ഇതോടെ കര്‍ണാടകയിലെ മഴ കൂടി. ബംഗളൂരുവില്‍ ഞായറാഴ്ച മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കര്‍ണാടകയിലും ആന്ധ്രാ തീരത്തും കനത്ത മഴ ലഭിച്ചു. ബംഗളൂരു, മൈസൂരു, ചാമരാജ്‌നഗര്‍, കോലാര്‍, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, ചിക്കമഗലൂര്‍, ഉത്തരകന്നഡ, മംഗളൂരു ജില്ലകളില്‍ ഇന്നലെയും ശക്തമായ മഴ പെയ്തു. തീര കര്‍ണാടകയിലും ബംഗളൂരു മേഖലയിലും ഇന്നും ശക്തമായ മഴക്കുള്ള മുന്നറിപ്പുണ്ട്.

ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

കനത്ത മഴയെ തുടര്‍ന്ന് തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട കുടുംബത്തിലെ ഏഴുപേരുടെയും മൃതദേഹം കണ്ടെത്തി. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് ഏഴു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴാച വൈകിട്ടോടെയാണ് തിരുവണ്ണാമലൈ ക്ഷേത്രത്തിന് സംമീപത്തെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നത്. രണ്ട് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. 20 അടി ഉയരത്തില്‍ നിന്നാണ് മണ്ണ് വീണത്.

ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. 200 ഓളം ദുരന്തപ്രതികരണ സേനയിലെയും പൊലിസിലെയും അംഗങ്ങള്‍ യന്ത്രസഹായമില്ലാതെയാണ് ആദ്യഘട്ടത്തില്‍ തിരിച്ചില്‍ നടത്തിയത്്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മണ്ണുമാന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ തിരിച്ചില്‍ ഊര്‍ജിതമാക്കിക്കി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

https://twitter.com/News18TamilNadu/status/1863529055880102349?t=VZeARGitoiioIlW2K7wNyA&s=19

55 സെ.മി മഴ, ബസുകള്‍ ഒഴുകിപ്പോയി

നാലു മണിക്കൂറോളം പെയ്ത തീവ്രമഴയില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നിര്‍ത്തിയിട്ടു ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി. 55 സെ.മി മഴയാണ് ഇവിടെ ലഭിച്ചത്. ഊത്തങ്കര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകളാണ് ഒഴുകിപ്പോയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറുകളും ജീപ്പുകളും ഒഴകിപ്പോയി. പോച്ചമ്പള്ളി പോലീസ് സ്റ്റേഷന്‍ വെള്ളത്തിനടിയിലായി. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ വീടുകള്‍ വെള്ളക്കെട്ടിലാണ്. 24 മണിക്കൂറിനുള്ള 503 മില്ലീലിറ്റര്‍ മഴയാണ് കൃഷ്ണഗിരി ജില്ലയില്‍ മാത്രം പെയ്തത്.

കേരളത്തില്‍ കനത്ത മഴ

കേരളത്തില്‍ കൊല്ലം, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും അതിശക്തമായ മഴ ലഭിച്ചു. കോട്ടയത്ത് ഉള്‍പ്പെടെ തീവ്രമഴയും റിപ്പോര്‍ട്ട് ചെയ്തു.
കോട്ടയത്ത് ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 22.2 സെ.മി മഴ രേഖപ്പെടുത്തിയതായി മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ മഴ മാപിനിയില്‍ രേഖപ്പെടുത്തി.. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലും കനത്ത മഴ ലഭിച്ചു. കവളപ്പാറയില്‍ ഇന്നലെ രാവിലെ 8 മുതല്‍ രാത്രി 7.30 വരെ 5 സെ.മി മഴയും മൂത്തേടത്ത് 7.4 സെ.മി മഴയും രേഖപ്പെടുത്തിയതായി മലപ്പുറം റെയിന്‍ ട്രാക്കേഴ്‌സ് അറിയിച്ചു. ന്യൂനമര്‍ദം തിങ്കളാഴ്ച പുലര്‍ച്ചെയോടെ വടക്കന്‍ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് അറബിക്കടലിലെത്തും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020