രാത്രി താപനില തേയില ഉത്പാദനത്തെ ബാധിക്കുന്നുവോ

രാത്രി താപനില തേയില ഉത്പാദനത്തെ ബാധിക്കുന്നുവോ

ഡോ. ഗോപകുമാർ ചോലയിൽ

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം- 10 )

വർഷത്തിൽ രണ്ട് വളർച്ചാ വേളകളാണ് തേയിലയിൽ കാണപ്പെടുന്നത്. മാർച്ച് മദ്ധ്യം തൊട്ട് ജൂൺ മദ്ധ്യം വരെയും ഓഗസ്റ്റ് മദ്ധ്യം തുടങ്ങി നവംബർ മദ്ധ്യം വരെയും. മഴക്ക് പുറമെ രാത്രിതാപനിലയും ആപേക്ഷിക ആർദ്രതയുമാണ് തേയിലയുടെ ഉത്പാദനക്ഷമത നിർണ്ണയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ. ആനമലയിൽ അന്തരീക്ഷം വരണ്ടിരിക്കുന്ന അവസ്ഥയിൽ രാത്രിതാപനില ചിലപ്പോൾ 5°C വരെ താഴാറുണ്ട്. ആർദ്രത 10 ശതമാനത്തിൽ താഴെയാകാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തേയില ഉത്പാദനം കുറയാനിടയാകുന്നു. വെട്ടിയൊതുക്കി കുറ്റിച്ചെടി പരുവത്തിലുള്ള തേയിലച്ചെടിയിൽ നിന്ന് കൊളുന്ത് നുള്ളാൻ പാകമാകും വരെ ഒരു ഇടവേള വേണ്ടി വരും. വെട്ടിയൊതുക്കുന്ന വർഷങ്ങളിൽ ഈ ഇടവേള അഞ്ചാഴ്ചയും അല്ലാത്ത വർഷങ്ങളിൽ നാലാഴ്ചയും ആയിരിക്കും ഈ ഇടവേള.

വിളവെടുപ്പും കാലാവസ്ഥയും

വിളവെടുപ്പിന് തൊട്ട് മുൻപുള്ള മാസത്തെ കാലാവസ്ഥ സാഹചര്യങ്ങൾ വിളവെടുപ്പിനെ സ്വാധീനിക്കുന്നു. ജനുവരി മദ്ധ്യം മുതൽ മാർച്ച് മദ്ധ്യം വരെയുള്ള തണുത്ത വരണ്ട കാലയളവിൽ നന നൽകുന്നത് ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം അഭിലഷണീയ ഫലം നൽകുന്നില്ല. ഈ സമയത്തെ അന്തരീക്ഷ താപനിലയാണ് നിർണ്ണായക ഘടകമായി വർത്തിക്കുന്നത്. മാർച്ച് മുതൽ സെപ്തംബർ വരെയുള്ള ചൂടേറിയ വരണ്ട കാലയളവിലാകട്ടെ നന നൽകുന്നത് തേയില ഉല്പാദനത്തിന് ഗുണകരമാണ്. നീലഗിരി മേഖലയിൽ ഇത്തരം സാഹചര്യം സാധാരണ കണ്ട് വരുന്നു. ഹിമാചൽ പ്രദേശിൽ 2004 മാർച്ചിൽ ഉഷ്‌ണതരംഗം മൂലം 50 ശതമാനത്തോളം തേയില തോട്ടങ്ങളിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കേരളം പോലുള്ള ആർദ്രോഷണ മേഖലാ പ്രദേശങ്ങളിൽ തേയില കൃഷി മേഖലയിൽ ഉഷ്‌ണതരംഗം പൊതുവെ അനുഭവപ്പെടാറില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ട ദശകമായിരുന്നു 1981-90. തേയില തോട്ടങ്ങൾ വിസ്തീർണാടിസ്ഥാനത്തിൽ ചുരുങ്ങിയതും ഈ ദശകത്തിലായിരുന്നു. 1983,1985, 1987 എന്നീ വർഷങ്ങളിൽ തേയില ഉത്പാദനം പ്രതിസന്ധിയിലാക്കപ്പെട്ടു. 1987 ലായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തപ്പെട്ടത്. 1982-83ലെ വേനലിൽ അനുഭവപ്പെട്ട അഭൂതപൂർവമായ വരൾച്ച മിക്കവാറും തോട്ടവിളകളെയും പ്രതികൂലമായി ബാധിച്ചു. പ്രസ്തുതവര്ഷം തേയിലോല്പാദനം 44600 ടൺ മാത്രമായിരുന്നു. എന്നാൽ, വേനൽ മാസത്തിൽ വരൾച്ച അനുഭവപ്പെടാതിരുന്ന 1983 -84 വർഷത്തെ ഉല്പാദനമാകട്ടെ 58200 ടൺ ആയിരുന്നു. 1982-83 ലെ വരൾച്ചാബാധിത സാഹചര്യങ്ങളിൽ തേയില തോട്ടങ്ങളുടെ ഉല്പാദന ക്ഷമതയും താഴ്ന്ന നിലവാരത്തിലെത്തി. 1981-92 അപേക്ഷിച്ച് ഉല്പാദനത്തിൽ നാല് ശതമാനത്തോളം കുറവാണ് കാണപ്പെട്ടത്.

കാലാവസ്ഥയും തേയിലയുടെ ഗുണനിലവാരവും


വിള വിന്യാസത്തിലുണ്ടായ വ്യതിയാനം, തേയിലയുടെ ഗുണനിലവാരത്തിൽ ഉണ്ടായ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാന സാഹചര്യത്തിൽ വർദ്ധിച്ച തോതിൽ അനുഭവപ്പെടുന്ന രോഗ-കീടാക്രമണം എന്നിവ സംസ്ഥാനത്തെ തേയിലവ്യവസായത്തെ അതി സമ്മർദ്ദത്തിലാക്കുന്നു. അന്തരീക്ഷ താപം ഏറിയ സാഹചര്യത്തിൽ വിവിധതരത്തിലുള്ള രോഗബാധകൾ, കീടാക്രമണം എന്നിവ പൊട്ടിപുറപ്പെടുന്നതിനുള്ള സാഹചര്യമാണുള്ളത്. മുന്നേതന്നെ, ഇത്തരം പ്രതിസന്ധികൾ മൂലം ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്ന മേഖലകളിലാണ് ഇവ വീണ്ടും ശക്തിയാർജ്ജിച്ചിരിക്കുന്നത്.

കാലാവസ്ഥയും രോഗ-കീടാക്രമണവും

തേയിലച്ചെടികൾ മങ്ങിയ സൂര്യപ്രകാശത്തിൽ വളർച്ച മന്ദീഭവിക്കുന്നതുമൂലം ഇലകൾക്ക് കാഠിന്യമേറുകയും കനംവക്കുകയും ചെയ്യും. തേയിലയുടെ ഗുണനിലവാരം കുറയുന്നതിന് ഇത് വഴിവയ്ക്കുന്നു. കനത്ത മഴയും തേയിലക്ക് പഥ്യമല്ല. തേയില ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളും കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ വ്യാപകമാകുന്നതായിട്ടാണ് കാണപ്പെടുന്നത്. കാലാവസ്ഥയിലെ ചാഞ്ചല്യമാണ് തേയില ഉത്പാദനത്തെ പ്രത്യക്ഷമായും, കീടങ്ങൾ, രോഗബാധകൾ എന്നിവയുടെ വ്യാപനത്തിലൂടെ പരോക്ഷമായും പ്രതിസന്ധിയിലാഴ്ത്തുന്നത്.

ഏത് ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേയില തോട്ടമായാലും പകൽ സമയത്തെയും രാത്രിസമയത്തേയും താപനിലകൾ തേയില ഉല്പാദനത്തിൽ കൂട്ടായ സമ്മർദ്ദം ചെലുത്തുന്നു. തേയില ചെടിയിൽ പ്രത്യേകം പ്രത്യേകം കാലാവസ്ഥാഉല്പാദനത്തിൽ ഘടകങ്ങൾ ഒറ്റക്കോ കൂട്ടായോ സമ്മർദ്ദങ്ങൾ അടിച്ചേൽപ്പിക്കാം. ഇത്തരത്തിൽ കാലാവസ്ഥയിലെ ചാഞ്ചാട്ടങ്ങൾ വഴി നേരിടേണ്ടി വരുന്ന പ്രതികൂല പ്രഭാവങ്ങൾ തേയില ചെടിയുടെ ചയാപചയ പ്രവർത്തനങ്ങളെയും തദ്വാരാ ഉല്പാദനത്തെയും ബാധിക്കുന്നു. അന്തരീക്ഷസ്ഥിതിയിൽ അഥവാ കാലാവസ്ഥയിൽ ക്രമേണ സംഭവിക്കുന്ന മാറ്റങ്ങൾ തേയിച്ചെടിയിൽ പ്രതികൂല പ്രഭാവമുളവാക്കിയേക്കില്ല. എന്നാൽ, അന്തരീക്ഷ സ്ഥിതിയിൽ പൊടുന്നനെസംഭവിക്കുന്ന മാറ്റങ്ങൾ തേയില ചെടിയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കീട-രോഗബാധകൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയേറെയാണ്. സമീപവർഷങ്ങളിൽ തേയില ഉല്പാദനത്തിൽ കുറവുണ്ടായതിന് ഒരു കാരണം ഇതാണ്. വേനൽ മാസങ്ങളിൽ ചെടികൾക്ക് നൽകുന്ന ജലസേചനം തേയില ഉത്പാദനം വർധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് വിളകൾ നേരിടാവുന്ന വെല്ലുവിളികൾ സംസ്ഥാനത്ത് ഹൈറേഞ്ചുകളിലെ പകൽ താപനിലയിൽ വർധനവും രാത്രി താപനിലയിൽ കുറവും അനുഭവപ്പെടുന്നതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത് തത്പ്രദേശങ്ങളിലെ താപനിലകളിലെ അന്തരം (കൂടിയ താപനിലയും കുറഞ്ഞ പനിലയും തമ്മിലുള്ള വ്യത്യാസം ) വർധിക്കുന്നതിന് ഇടയാക്കുന്നു.
ഹൈറേഞ്ചിൽ വളരുന്ന തനത് വിളകളയായ കാപ്പി, തേയില, ഏലം , കൊക്കോ, കുരുമുളക്, ഇത്യാദി വിളകൾ താപവ്യതിയാനങ്ങളോട് അത്യധികം സംവേദനത്വം പുലർത്തുന്നവയാണ്. ഇക്കാരണത്താൽ, വർധിച്ചുവരുന്ന താപനിലയിലെ അന്തരം മൂലം ഈ വിളകൾ പ്രതിസന്ധി നേരിടും. വിളകളുടെ നിലനില്പിനെയും ഉല്പാദനത്തെയും വരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഉയരുന്ന അന്തരീക്ഷ താപനിലയും, മഴക്കുറവും, ഭൂഗർഭജല ചൂഷണം മൂലം സംഭവിക്കുന്ന ശോഷണവും, ഭൂവിനിയോഗക്രമത്തിലുണ്ടായ മാറ്റങ്ങളും, അന്യദേശങ്ങളിൽ നിന്ന് അധിനിവേശിച്ച സസ്യവർഗ്ഗങ്ങളും ഇപ്പോൾ തന്നെ ഹൈറേഞ്ച് മേഖലകളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

താപനിലയിലെ വർദ്ധനവ് അവിടങ്ങളിലെ തനത് വിളകളുടെ കൃഷിയിട വിസ്തൃതിയെ എപ്രകാരം ബാധിക്കുമെന്നത് ഇനിയും വ്യക്തമാകേണ്ട കാര്യമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഇനം കൃമി -കീട-രോഗബാധകൾ ഉദയം ചെയ്തേക്കാം; ഇപ്പോഴുള്ള ചിലവ ഇല്ലാതായേക്കാം എന്നിങ്ങനെ ബഹുവിധ പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഹൈറേഞ്ച് മേഖല അഭിമുഖീകരിക്കാൻ പോകുന്ന വിഷയങ്ങളാണ്.
വയനാട്ടിലെ കാലാവസ്ഥ പാടെ മാറിയിരിക്കുന്നു. അന്തരീക്ഷ താപനിലയിലെ വർദ്ധനവും, ദശകങ്ങളായി അനുഭവപ്പെട്ടുവരുന്ന മഴക്കുറവും ആ പ്രദേശത്തിന്റെ തനത് കാലാവസ്ഥയെ മാറ്റി മറിച്ചു. ഭൂവിനിയോഗക്രമത്തിലുണ്ടായ മാറ്റം ഭീതിപ്പെടുത്തുന്നതാണ്. “വയൽ നാട് ” എന്ന വിളിപ്പേരിന് ഇന്ന് വയനാട് അർഹതയില്ലാത്തയിടമായി മാറിയിരിക്കുന്നു. കൊടും ശൈത്യത്തിന്റെ പ്രദേശത്ത് ഇന്ന് ശൈത്യക്കാലത്തുപ്പോലും വെളിച്ചെണ്ണ ഉറഞ്ഞു പോകുന്നില്ലായെന്ന അവിടുത്തുകാർ സാക്ഷ്യപ്പെടുത്തുന്നു. ആധുനിക നിർമ്മിതികളിൽ ഫാനും, ശീതീകരണ യന്ത്രങ്ങളും ഇടം പിടിച്ചു കഴിഞ്ഞു. വയനാട്ടിൽ പണ്ട് ഇതൊന്നും പതിവില്ലാത്ത കാഴ്ചകളായിരുന്നു. വയലുകൾ ഇന്ന് റബ്ബറിനും,വാഴക്കും, കവുങ്ങിനും, പൈനാപ്പിളിനും വേണ്ടി വഴി മാറിക്കൊടുത്തു. ഭൂഗർഭജലചൂഷണം പാരമ്യത്തിലെത്തി. കേരളത്തിൽ ഒരു പക്ഷെ, ഏറ്റവുമധികം ഭൂഗര്ഭജലശോഷണം നടക്കപ്പെടുന്ന ഒരു പ്രദേശമായി വയനാട്ണ്ട്.

ഭൂപ്രദേശത്തെ വർധിച്ച മഴക്കമ്മിയും ജില്ലകളിലെ തനത് വിളകളെ പ്രതിസന്ധി ഘട്ടത്തിലെത്തിക്കുന്നു. കശുമാവും തെങ്ങും വരെ കർഷകർ കൃഷിചെയ്യാനാരംഭിച്ചു. പണ്ട്, ഈ വക വിളകൾ വയനാട്ടിൽ അന്യമായിരുന്നു. ജില്ലയിലെ ഭൂപ്രകൃതി വരണ്ട സ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂവിനിയോഗക്രമത്തിലുണ്ടായ മാറ്റം ഇതിനുദാഹരണമാണ്. തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ട് നികത്തി മറ്റു വിളകളിലേക്ക് ചേക്കേറിയത് ഈ പ്രദേശത്തിന്റെ തനത് ഭൂപ്രകൃതിയെ ബാധിച്ചിട്ടുണ്ട്. പാരിസ്ഥിതിക ലോലപ്രദേശമായ സംസ്ഥാനത്തെ ഹൈറേഞ്ചുകളിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ മാറ്റം ഗൗരവമായ പഠന-വിശകലനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. (അവസാനിച്ചു ).

(കാലാവസ്ഥ ശാസ്ത്രജ്ഞനും കാർഷിക സർവ്വകലാശാല മുൻ സയന്റിഫിക് ഓഫീസറുമാണ് ലേഖകൻ )

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment