ന്യൂനമർദ്ദം തീവ്രമായി കരകയറും, ഇന്ന് മുതൽ മഴ കുറയും
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ ഇന്നുമുതൽ കുറയും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്നും മഴ ഇടവേളകളോടെ തുടരും. മറ്റുള്ള ജില്ലകളിൽ മഴ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു കുറവായിരിക്കും. നാളെ (ചൊവ്വ) മുതൽ മഴയിൽ വീണ്ടും കുറവുണ്ടാവും.
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമായി ( Depression) ആന്ധ്ര തീരത്തിനും ഒഡിഷക്കും ഇടയിലായി കരകയറും. ഇന്നലെ രാവിലെ നിലനിന്നിരുന്ന ഗുജറാത്തിന് മുകളിലുള്ള ന്യൂനമർദ്ദം വൈകിട്ടോടെ ദുർബലമായി. ഇതോടെ ഈ സിസ്റ്റത്തിന് പടിഞ്ഞാറൻ തീരത്ത് ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുകയും മഴ കുറയുകയും ചെയ്തു.

ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം കരകയറി കൂടുതൽ വടക്കോട്ട് സഞ്ചരിക്കാനാണ് സാധ്യത. കേരളതീരത്ത് ഇതിൻ്റെ സ്വാധീനം ഇനിയുള്ള മണിക്കൂറുകളിൽ ഉണ്ടാകില്ല. വരും ദിവസങ്ങളിലും കേരളത്തിൽ മഴ കുറയാനാണ് സാധ്യത. ഇന്ന് പലയിടങ്ങളിലും രാവിലെ മുതൽ സൂര്യനെ കാണാനാകും.
കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോര മേഖലകളിൽ ആണ് ഇന്ന് മഴ സാധ്യത. കേരളതീരത്ത് രൂപപ്പെട്ടിരുന്ന ന്യൂനമർദ പാത്തിയും ഇന്നോടെ അപ്രത്യക്ഷമാകാനാണ് സാധ്യത. ഈ മാസം ഇരുപതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ മഴയും കുറയും. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂനമർദ്ദത്തിനൊപ്പം MJO സാന്നിധ്യവും മഴ വർധിപ്പിച്ചിരുന്നു.
ഇന്ത്യ മഹാസമുദ്രത്തിൽ ഫേസ് രണ്ടിൽ ആയിരുന്ന എം. ജെ. ഒ ഇപ്പോൾ ഫേസ് മൂന്നിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും പസഫിക് സമുദ്ര മേഖലകളിൽ സജീവമാകാനുള്ള സാധ്യതയേറി.
കേരളത്തിൽ വരും ദിവസങ്ങളിലും മഴ കുറയുമെങ്കിലും മഴക്കാലമായതിനാൽ ഒറ്റപ്പെട്ട മഴ ലഭിക്കും. മഴ കുറയും എന്തുകൊണ്ട് വരണ്ട കാലാവസ്ഥ എന്നല്ല അർത്ഥമാക്കേണ്ടത്.
Metbeat Weather App കാണാം click on metbeat.com