ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം, ഇന്നും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Weather Desk
2 mins mins read

ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം, ഇന്നും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ( low pressure area - LPA) രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്നും മഴ സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നും ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം  (Depression) സ്ഥിതി ചെയ്യുന്നുണ്ട്.

തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

ഇന്നലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. വടക്കൻ മേഖലകളിലാണ് കാറ്റും മഴയും ശക്തമായത്. അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദമാണ് ഇതിന് കാരണമായത്. ഇന്നലെയും വടക്കൻ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിരുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയപ്പ് നൽകി.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കണം. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

 അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

English Summary : Low pressure in the Bay of Bengal, orange alert in various districts today