ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ ശക്തിപെട്ടേക്കും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറി. ഈ വർഷത്തെ ആദ്യ ന്യൂനമർദമാണിത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയോട് ചേർന്നാണ് ന്യൂനമർദം രൂപ്പപെട്ടത്. നാളെയോടെ ഇത് വീണ്ടും ശക്തിപ്പെട്ട് വെൽമാർക്ഡ് ലോ പ്രഷറായി മാറിയേക്കും.
ഈ സിസ്റ്റം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കയ്ക്ക് സമീപത്തേക്ക് എത്തുമെന്ന് ശ്രീലങ്കൻ കാലാവാസ്ഥാ വകുപ്പ് പറഞ്ഞു. അടുത്ത മൂന്നു ദിവസത്തിനകം ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപമെത്തും.

പരിവർത്തന കാലം
ബംഗാൾ ഉൾക്കടലിൽ തുലാവർഷം വിടവാങ്ങിയ ശേഷമുള്ള അന്തരീക്ഷ പരിവർത്തന കാലമാണിത്. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.ജെ.ഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) ആക്ടീവ് ഫേസിലാണ്. ആഗോള മഴപ്പാത്തി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനാൽ ന്യൂനമർദം നാളെ ശക്തിപെട്ടേക്കും.

ഫെബ്രുവരി ആദ്യവാരം കേരളത്തിലും മഴ
കഴിഞ്ഞ ഏതാനും ദിവസം മുൻപത്തെ മഴ വിടവാങ്ങുന്ന പോസ്റ്റിലും വിഡിയോയിലും സൂചിപ്പിച്ച അടുത്തയാഴ്ചയിലെ മഴയാണിത്. ശ്രീലങ്കക്ക് സമീപം ചക്രവാതച്ചുഴിക്ക് സാധ്യതയുണ്ടെന്നായിരുന്നു അന്ന് മെറ്റ്ബീറ്റ് വെതർ പ്രവചിച്ചത്. എന്നാൽ കൂടുതൽ ശക്തിപ്പെട്ട നിലയിലാകും ഇത് ശ്രീലങ്കക്ക് സമീപമെത്തുക. അടുത്ത ബുധനാഴ്ചക്ക് ശേഷം കേരളത്തിൽ വീണ്ടും മഴക്ക് ഇത് കാരണമാകും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് ഇപ്പോഴത്തെ നിരീക്ഷണം അനുസരിച്ച് മഴക്ക് സാധ്യത. തമിഴ്‌നാട്ടിലും ഈ സിസ്റ്റം മഴ നൽകും. ഒറ്റപ്പെട്ട മഴ ഈ മാസം 30 മുതൽ തന്നെ കേരളത്തിന്റെ തെക്കൻ മേഖലയിലും തെക്കൻ തമിഴ്‌നാട്ടിലും പ്രതീക്ഷിക്കാം.

Share this post

Leave a Comment