ന്യൂനർദം രൂപപ്പെട്ടു, കേരളത്തിൽ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനർദം രൂപപ്പെട്ടു. മധ്യപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദം രൂപം കൊണ്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ട് വെൽമാർക്ഡ് ലോ പ്രഷറും തുടർന്ന് ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനുമാണ് സാധ്യത. ഇതോടൊപ്പം കർണാടകയിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് കാറ്റിന്റെ ഖണ്ഡധാരയും രൂപപ്പെട്ടതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാൻ കാരണമാകും. ഒപ്പം കർണാടകയ്ക്കു മുകളിൽ രണ്ടു ദിവസം മുൻപ് രൂപപ്പെട്ട ചക്രവാത ചുഴി തുടരുന്ന സാഹചര്യം കൂടിയുണ്ട്. ഇന്നലെ ഇത് ദുർബലമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴും ചക്രവാത ചുഴി തുടരുന്നതായാണ് ഏറ്റവും പുതിയ ഉപഗ്രഹ ഡാറ്റ സൂചിപ്പിക്കുന്നത്. കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫും ഇന്നലെ മുതൽ തെക്ക് നോർമൽ പൊസിഷനിലേക്് മാറിയിട്ടുണ്ട്.

കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

മുകളിൽ സൂചിപ്പിച്ച കാലാവസ്ഥാ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വൈകിട്ട് കനത്ത മഴ ലഭിച്ചിരുന്നു. ഇന്ന് രാത്രി വടക്കൻ ജില്ലകളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും രാത്രി വൈകി മഴ ലഭിക്കും. പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. തെക്കൻ കേരളത്തിൽ ചാറ്റൽ മഴയോ ഇടവിട്ട ഇടത്തരം മഴയോ പ്രതീക്ഷിച്ചാൽ മതിയാകും.
നാളെ മുതൽ എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ വൈകിട്ട് ശക്തമായ മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇടവിട്ട മഴ ലഭിക്കും. പലപ്പോഴും അധികം ശക്തിയില്ലാതെ നീണ്ടു നിൽക്കുന്ന ചാറ്റൽ മഴക്കാണ് സാധ്യത. എന്നാൽ മുകളിൽ പറഞ്ഞ പ്രദേശത്തെ ഇടനാട് മേഖലകളിൽ വൈകിട്ട് മുതൽ ഇടവിട്ട് മഴ ലഭിക്കാം. ശനിയാഴ്ചയോടെ ന്യൂനമർദം തീരത്തോട് അടുക്കുന്നതോടെ വടക്കൻ കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത. കടലിലും കാറ്റിന് ശക്തികൂടും. കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ പാലിക്കുക.

Leave a Comment