ചാൾസ് രാജാവ്: കലാവസ്ഥ വ്യതിയാനത്തിന്റെ മുന്നണി പോരാളികളിൽ ഒരാൾ

ഏഴു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബിട്ടന്റെ രാജാവാകുന്ന ചാൾസ് മൂന്നാമൻ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ മുന്നിലുള്ള ലോക നേതാക്കളിലൊരാൾ. വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രചാരണം നടത്തുന്നയാളാണ് ചാൾസ്. അതിനാൽ ബ്രിട്ടീഷ് രാജാവ് എന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ചെയ്യാനാകും. കഴിഞ്ഞ വർഷം നടന്ന COP26 ലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഗ്ലാസ്‌ഗോയിൽ ഉച്ചകോടി നടന്നത്. ആഗോള താപനത്തിനെതിരേ ലോകം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തത്. കൊവിഡിനേക്കാൾ വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ അദ്ദേഹം ബ്രിട്ടനിലും പദ്ധതി ആസൂത്രണം ചെയ്തു.
രാഷ്ട്രീയത്തിൽ സാധാരണ രാജകുടുംബം ബ്രിട്ടനിൽ ഇടപെടാറില്ല. താൻ 10 വർഷം പ്രധാനമന്ത്രിയായിട്ടും എലിസബത്ത് രാജ്ഞിയുടെ രാഷ്ട്രീയ നയം എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞിരുന്നു.
ക്ലൈമറ്റ് ചേഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ചാൾസ് രാജകുമാരനായിരിക്കെ കാംപയിൻ നടത്തിയിരുന്നു. ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനത്തിനും ക്ലൈമറ്റ് ചേഞ്ച് നേരിടാനുമാണ് അദ്ദേഹം ഊന്നൽ നൽകിയത്. 2019 നവംബർ 13 ന് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലെത്തിയ ചാൾസ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു. മൗസം ഭവനിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂർ ചെലവഴിച്ചിരുന്നു. ഐ.എം.ഡി ഡയരക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രവചനം, നേരത്തെയുള്ള വാണിങ് വെതർ ഫോർകാസ്റ്റ് സിസ്റ്റം, നാഷനൽ വെതർ ഫോർകാസ്റ്റിങ് സെന്റർ എന്നിവയെ കുറിച്ച് വിശദീകരിച്ചു. റഡാർ, ഉപഗ്രഹ സംവിധാനങ്ങളെ കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചിരുന്നു.

Leave a Comment