Menu

India Meteorological Department (IMD)

ഇനി തീവ്രമഴ പ്രവചിക്കാൻ GPS സിഗ്നൽ : ഗവേഷണവുമായി കുസാറ്റ് ശാസ്ത്രഞ്ജർ

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല, തീവ്രമഴ പോലുള്ള പ്രതിഭാസങ്ങള്‍ കൂടി മുൻകൂട്ടി പ്രവചിക്കാന്‍ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകര്‍. അസ്സോസിയേറ്റ് പ്രഫസര്‍ ഡോ. സുനില്‍ പി. എസിന്‍റെ മേല്‍നോട്ടത്തില്‍, ഗവേഷക റോസ് മേരിയോടൊപ്പം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍, സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, കേന്ദ്ര കാലാവസ്ഥ വകുപ്പ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് സംയുക്തമായാണ് പഠനം നടത്തിയത്. സ്പ്രിങ്ങര്‍ പബ്ലിഷേഴ്‌സിന്‍റെ, ജേര്‍ണല്‍ ഓഫ് ഏര്‍ത് സിസ്റ്റം സയന്‍സിൽ ഗവേഷണ ഫലം പ്രസദ്ധീകരിച്ചു.

അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്‍റെ ദ്രുതഗതിയിലുള്ള വര്‍ധനവ് തീവ്രമഴ പോലുള്ള പ്രകൃതിപ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാന ഘടകമാണ്. മഴക്കാലങ്ങളില്‍ ജി.പി.എസ്. ഉപഗ്രഹത്തില്‍ നിന്നും പുറപ്പെടുന്ന സിഗ്‌നല്‍, അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയുടെ ഉപരിതലത്തിലുള്ള ജി.പി.എസ്.റിസീവറില്‍ എത്തിച്ചേരുന്നതിന് മുന്‍പായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിലെ അളവ് കൂടുന്നതനുസരിച് കാലതാമസം ഉണ്ടാകന്നത് പതിവാണ്. ജി.പി.എസ് സംവിധാനത്തില്‍ നിന്നുള്ള തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയുള്ള ഡാറ്റ, തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ഏതാണ്ട് 5.45 മണിക്കൂര്‍ മുതല്‍ 6.45 മണിക്കൂര്‍ മുന്‍പായി വരെ മുന്‍ക്കൂട്ടി പറയാന്‍ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഇതിനായി 2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിന് കാരണമായ അതിതീവ്ര മഴയുള്‍പ്പെടെ ഏതാണ്ട് 8 തീവ്ര മഴക്കാലങ്ങള്‍ ആണ് പഠനവിധേയമാക്കിയിരിക്കുന്നത്. ഇതിലേക്കായി തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ലഭ്യമായ തുടര്‍ച്ചയായുള്ള ജി.പി.എസ്. ഡാറ്റയും, കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നും ലഭ്യമായ മഴക്കണക്കും ഉപയോഗിച്ചു.
വിദേശങ്ങളിൽ, ജി.പി.എസ്. മെറ്റീരോളോജി എന്ന ഈ നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത്തരത്തില്‍ തീവ്രമഴ മുന്‍കൂട്ടിയറിയാനുതകുന്ന തരത്തിലുള്ള ഇത്തരം ഗവേഷണം ആദ്യമായാണെന്നു ഡോ. സുനില്‍ പറയുന്നു. ഭാവിയില്‍, കാലാവസ്ഥ വകുപ്പിൽ നിന്നുള്ള, കാലാവസ്ഥ പ്രവചനങ്ങളില്‍, ഇത്തരം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ GPS Meteorology എന്ന നൂതന സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം സ്ഥിതീകരിക്കുന്നു.

2022 ഇന്ത്യയിലെ ചൂടേറിയ അഞ്ചാമത്തെ വർഷം

പോയവർഷം ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമെന്ന് കണക്കുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. കാലാവസ്ഥാ വകുപ്പ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1901 മുതലുള്ള രേഖകൾ പരിശോധിച്ചതിൽ നിന്നാണിത്. കനത്ത ചൂടിനോടൊപ്പം അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവർഷം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1981-2010 കാലയളവിലെ വാർഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനിലയേക്കാൾ 2022ൽ ശരാശരി താപനില 0.51 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. എന്നാൽ, 2016 ലേതിനേക്കാൾ ചൂട് കുറവായിരുന്നു 2022. അന്ന് ശരാശരി താപനില 0.71 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.
2022 ലെ ശൈത്യകാലത്ത് (ജനുവരി മുതൽ ഫെബ്രുവരി വരെ) താപനില സാധാരണനിലയിലായിരുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മൺസൂണിന് മുമ്പുള്ള മാസങ്ങളിൽ (മാർച്ച് മുതൽ മെയ് വരെ) താപനില മുൻവർഷങ്ങളിലെ ശരാശരിയേക്കാൾ കൂടുതലായിരുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂട് കഴിഞ്ഞ വർഷങ്ങളിൽ കൂടുന്നുണ്ട്.

കേരളത്തിൽ ശീതകാല മഴ കൂടാൻ സാധ്യത

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കേരളത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം മാർച്ച് വരെ തുടരുമെന്നും തുടർന്ന് നോർമലിലേക്ക് ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐ.ഒ.ഡി) നിലവിൽ ന്യൂട്രലിലാണ്. ഇതും അടുത്ത മൂന്നു മാസം ഇതേ അവസ്ഥയിൽ തുടരും.

വടക്കൻ കേരളത്തിൽ മഴ കൂടും
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വടക്കൻ കേരളത്തിലും തെക്കൻ തീരദേശ കർണാടകയിലും മറ്റും സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകൾക്കാണ് കൂടുതൽ മഴ സാധ്യത. ക്ലൈമറ്റോളജിക്കൽ സാധ്യതാ പ്രവചനമാണിത്. ജനുവരിയിൽ കേരളത്തിൽ മിക്ക ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സാധാരണ മഴ സാധ്യതയാണ്. ജനുവരിയിൽ ദക്ഷിണേന്ത്യയിൽ മഴ കൂടുതൽ കർണാടകയിലാണ്. തമിഴ്‌നാട്ടിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കും.

ജനുവരിയിൽ പകൽ താപനിലയിൽ കുറവ്
കേരളത്തിൽ മിക്ക ജില്ലകളിലും പകൽ താപനില സാധാരണയേക്കാൾ കുറവാകും അനുഭവപ്പെടുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സാധാരണ തോതിലും ജനുവരിയിലെ താപനില അനുഭവപ്പെടും. രാത്രി താപനിലയിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ വർധനവുണ്ടാകും. കൊല്ലത്തും തിരുവനന്തപുരത്തും സാധാരണ രീതിയിലാകും രാത്രി താപനില.

ന്യൂനർദം രൂപപ്പെട്ടു, കേരളത്തിൽ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനർദം രൂപപ്പെട്ടു. മധ്യപടിഞ്ഞാറ് മേഖലയിലാണ് ന്യൂനമർദം രൂപം കൊണ്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ട് വെൽമാർക്ഡ് ലോ പ്രഷറും തുടർന്ന് ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനുമാണ് സാധ്യത. ഇതോടൊപ്പം കർണാടകയിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് കാറ്റിന്റെ ഖണ്ഡധാരയും രൂപപ്പെട്ടതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാൻ കാരണമാകും. ഒപ്പം കർണാടകയ്ക്കു മുകളിൽ രണ്ടു ദിവസം മുൻപ് രൂപപ്പെട്ട ചക്രവാത ചുഴി തുടരുന്ന സാഹചര്യം കൂടിയുണ്ട്. ഇന്നലെ ഇത് ദുർബലമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇപ്പോഴും ചക്രവാത ചുഴി തുടരുന്നതായാണ് ഏറ്റവും പുതിയ ഉപഗ്രഹ ഡാറ്റ സൂചിപ്പിക്കുന്നത്. കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫും ഇന്നലെ മുതൽ തെക്ക് നോർമൽ പൊസിഷനിലേക്് മാറിയിട്ടുണ്ട്.

കേരളത്തിലെ മഴ സാധ്യത ഇങ്ങനെ

മുകളിൽ സൂചിപ്പിച്ച കാലാവസ്ഥാ മാറ്റങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ വൈകിട്ട് കനത്ത മഴ ലഭിച്ചിരുന്നു. ഇന്ന് രാത്രി വടക്കൻ ജില്ലകളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും രാത്രി വൈകി മഴ ലഭിക്കും. പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക. തെക്കൻ കേരളത്തിൽ ചാറ്റൽ മഴയോ ഇടവിട്ട ഇടത്തരം മഴയോ പ്രതീക്ഷിച്ചാൽ മതിയാകും.
നാളെ മുതൽ എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ വൈകിട്ട് ശക്തമായ മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇടവിട്ട മഴ ലഭിക്കും. പലപ്പോഴും അധികം ശക്തിയില്ലാതെ നീണ്ടു നിൽക്കുന്ന ചാറ്റൽ മഴക്കാണ് സാധ്യത. എന്നാൽ മുകളിൽ പറഞ്ഞ പ്രദേശത്തെ ഇടനാട് മേഖലകളിൽ വൈകിട്ട് മുതൽ ഇടവിട്ട് മഴ ലഭിക്കാം. ശനിയാഴ്ചയോടെ ന്യൂനമർദം തീരത്തോട് അടുക്കുന്നതോടെ വടക്കൻ കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത. കടലിലും കാറ്റിന് ശക്തികൂടും. കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ പാലിക്കുക.