ബംഗളൂരു പ്രളയം: പെയ്തത് 42 വർഷത്തെ ഏറ്റവും കൂടുതൽ മഴ

ബംഗളൂരുവിൽ കഴിഞ്ഞ 48 മണിക്കൂറിൽ പെയ്തത് 42 വർഷത്തെ ഏറ്റവും ശക്തമായ മഴ. ഈമാസം 1 നും 5 നും ഇടയിൽ 150 ശതമാനം അധികമഴയാണ് പെയ്തത്. ചില മേഖലകളിൽ മഴയുടെ തോത് 310 ശതമാനം വരെ കൂടുതലായി. ബംഗളൂരുവിൽ കനത്ത മഴ ഇന്നും തുടർന്നു. 164 തടാകങ്ങൾ കവിഞ്ഞ് ഒഴുകുകയാണ്. നിരവധി വിമാന സർവിസുകളും വൈകി.
ശതകോടീശ്വരൻമാർ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയയിൽ വെള്ളം കയറിയതോടെ നിരവധി ആഡംബര വാഹനങ്ങൾ വെള്ളത്തിലായി. ബംഗളൂരുവിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വെള്ളം കയറിയിരിക്കുന്നത്.
വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സി.ഇ.ഒ വരുൺ ബെറി, ബിഗ് ബാസ്‌ക്കറ്റ് സഹസ്ഥാപകൻ അഭിനയ് ചൗധരി, പേജ് ഇൻഡസ്ട്രീസ് (ജോക്കി) എം.ഡി അശോക് ജെനോമൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരടക്കമുള്ളവരുടെ വീടുകളാണ് ഇവിടെ ഉള്ളത്. കാർ പോർച്ചിലെ ഇവരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങൾ വെള്ളം കയറിയ നിലയിലാണ്.

താമസക്കാരെ കഴിഞ്ഞ ദിവസം ബോട്ടിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പെയ്ത തോരാത്ത മഴയിൽ നഗരത്തിലെയും രാജ്യത്തെയും സമ്പന്നരുടെ കോടിക്കണക്കിന് രൂപ വില വരുന്ന വീടുകൾ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ട് വെള്ളത്തിനടിയിലായി. എപ്‌സിലോണും സമീപത്തെ ഗേറ്റഡ് കമ്മ്യൂണിറ്റികളും യുദ്ധക്കളം പോലെയാണ്.

എപ്‌സിലോണിലെ ഒരു വില്ലയ്ക്ക് ശരാശരി 10 കോടി രൂപയാണ് വില. പ്ലോട്ടിന്റെ വലുപ്പമനുസരിച്ച്, വില 2030 കോടി രൂപ വരെ കൂടും. ഒരു ഏക്കർ പ്ലോട്ടിന് പ്രത്യക്ഷത്തിൽ 80 കോടി രൂപ വരും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വെള്ളം മൂടി കിടക്കുന്ന അത്യാഡംബര ജർമൻ, ഇറ്റാലിയൻ കാറുകൾ കാണാം.
ബി.എം.ഡബ്ലു, ലക്‌സസ്, ബെന്റ്‌ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്. ചില ആഡംബര വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. വെള്ളം കയറിയ കാറുകളെല്ലാം 65 ലക്ഷം മുതൽ രണ്ടര കോടിവരെ വിലയുള്ളതാണ്. വാഹനങ്ങളുടെ നഷ്ടം കണക്കാക്കണമെങ്കിൽ വിശദമായ പരിശോധന വേണ്ടിവരും.
എഞ്ചിൻ ബേ ഏരിയയിൽ വെള്ളം കയറിയാൽ വാഹനത്തെ ഗുരുതരമായി ബാധിക്കും. ഇത് തുരുമ്പെടുക്കുന്ന പ്രശ്‌നങ്ങൾക്കും കാരണമാകും. കഴിഞ്ഞ ദിവസമാണ് അൺഅക്കാഡമി സി.ഇ.ഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും ട്രാക്ടറിൽ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുടുംബത്തെയും എന്റെ വളർത്തുമൃഗങ്ങളെയും ഒരു ട്രാക്ടറിൽ ഒഴിപ്പിച്ചു. കാര്യങ്ങൾ മോശമാണ്. ദയവായി ശ്രദ്ധിക്കുക, എന്ന് ഗൗരവ് മുഞ്ജൽ ട്വീറ്റ് ചെയ്തിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ തന്നെ അറിയിക്കണം എന്നും അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. സഹായിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment