തെക്കൻ ജാർഖണ്ഡിനും വടക്കൻ ഒഡിഷ ക്കും മുകളിലായി ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് കാലവർഷക്കാറ്റിന്റെ വേഗത വർദ്ധിപ്പിക്കുകയും കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറ് തീരത്ത് ശക്തമായ മഴക്ക് കാരണമാവുകയും ചെയ്യും. ഇതേക്കുറിച്ച് ഇന്നലത്തെ റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു. കേരളത്തിന്റെ തീരക്കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകും. ഇന്ന് രാവിലെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകി തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കുറഞ്ഞെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും മഴ തിരികെ എത്താനാണ് സാധ്യത. കാലവർഷം കേരളത്തിൽ ജൂലൈ ആദ്യ വാരം സജീവമാകും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ കാലാവസ്ഥ അവലോകനത്തിൽ വിശദമാക്കിയിരുന്നു. എം. ജെ.ഒ.യുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ നിലനിൽക്കുന്നതാണ് കാലവർഷം ശക്തിപ്പെടാൻ കാരണം. വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ തുടർച്ചയായ മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ നിലനിൽക്കുന്നു. അനാവശ്യമായ യാത്രകൾ മലയോര മേഖലയിലേക്ക് ഒഴിവാക്കണം. മല വെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ പുഴയിലും തോട്ടിലും ഇറങ്ങുന്നതും കുളിക്കുന്നതും മീൻ പിടിക്കുന്നതും ഒഴിവാക്കണം. വെള്ളക്കെട്ടുകളിലേക്ക് കുട്ടികൾ പോകാതെ മുതിർന്നവർ ശ്രദ്ധിക്കുകയും വേണം.