ന്യൂനമര്‍ദം നാളെയോടെ രൂപപ്പെട്ടേക്കും ; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ തണുപ്പ്, മഴ പ്രതീക്ഷിക്കാം

ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ഈ സിസ്റ്റം കാരണമാകുമെന്നാണ് സൂചന. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് കൊടുംചൂടില്‍ നിന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും തണുപ്പിനും സാധ്യതയുള്ളത്.

Weather Desk
2 mins mins read

ന്യൂനമര്‍ദം നാളെയോടെ രൂപപ്പെട്ടേക്കും ; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ തണുപ്പ്, മഴ പ്രതീക്ഷിക്കാം

നാളെ രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദം തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ന്യൂനമര്‍ദം (low pressure area) ആയി മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

പതുക്കെ നീങ്ങും, പാത മാറും

പതുക്കെ നീങ്ങുന്ന സിറ്റമായിരിക്കും ഇതെന്നാണ് കരുതുന്നത്. ഫെബ്രുവരി 17 ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങും.  നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം കന്യാകുമാരി കടല്‍ വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത.

അങ്ങനെയെങ്കില്‍ കേരളത്തിന്റെ മധ്യ മേഖല മുതല്‍ തെക്കോട്ട് മഴ സാധ്യത അവസാന വാരത്തില്‍ പ്രതീക്ഷിക്കാം. ന്യൂനമര്‍ദത്തിന്റെ ട്രാക്ക്, തീവ്രത തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നമുക്ക് കേരളത്തിലെ മഴ സാധ്യത പ്രവചിക്കാന്‍ കഴിയൂ. അതിനാല്‍ വ്യക്തമായ ചിത്രത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. 

ശ്രീലങ്കയില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും സാധ്യത

ശ്രീലങ്കയ്ക്കായിരിക്കും ഈ സിസ്റ്റം നല്‍കുന്ന മഴ കൂടുതലും ലഭിക്കുക. ശ്രീലങ്കയുടെ തീരം വഴിയാണ് ഈ സിസ്റ്റം നീങ്ങുന്നത് എന്നതും പതുക്കെയാണ് നീങ്ങുക എന്നതുമാണ് കാരണം. ഇന്നു മുതല്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായ മഴ ശ്രീലങ്കയില്‍ ലഭിച്ചു തുടങ്ങും. കേരളത്തിലും ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. തെക്കന്‍ ശ്രീലങ്കയില്‍ പ്രാദേശിക പ്രളയത്തിന് കാരണമാകുന്ന മഴ ലഭിക്കുമെന്നാണ് കരുതേണ്ടത്. 

കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പത്തെ വലിച്ചുകയറ്റിയാണ് ഈ സിസ്റ്റം ശ്രീലങ്കയില്‍ മഴ പെയ്യിക്കുക. ഈമാസം 16 മുതല്‍ 19 വരെ ശ്രീലങ്കയില്‍ മഴ പ്രതീക്ഷിക്കണം. തെക്കന്‍ ശ്രീലങ്കയിലാണ് മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കുക. 

കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിന് സാധ്യത

ഫെബ്രുവരി 18 മുതല്‍ 22 വരെ കേരളത്തില്‍ തണുത്ത അന്തരീക്ഷത്തിനും ഈ സിസ്റ്റം കാരണമാകുമെന്നാണ് സൂചന. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലാണ് കൊടുംചൂടില്‍ നിന്ന് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും തണുപ്പിനും സാധ്യതയുള്ളത്. ശ്രീലങ്കയുടെ മഴയുടെ തോത്, സിസ്റ്റം നീങ്ങുന്ന ദിശ എന്നിവയെല്ലാം കേരളത്തിലെ അന്തരീക്ഷസ്ഥിതി മാറ്റത്തിന് കാരണമാകും. 

കേരളത്തിലെ മഴ വാരാന്ത്യം 

കേരളത്തില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള മഴ പ്രതീക്ഷിക്കുന്നത് വാരാന്ത്യത്തിലാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഇപ്പോഴത്തെ സൂചന പ്രകാരം വടക്കന്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും. പക്ഷേ സിസ്റ്റം പുരോഗമിക്കുന്നത് അനുസരിച്ച് മാറ്റം വരാം.

English Summary ​: A new weather system is developing in the Bay of Bengal, which is expected to bring significant changes to the regional climate over the coming week.