2025 ലെ അവസാന സൂര്യഗ്രഹണം നാളെ

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും സൂര്യപ്രകാശം പൂര്‍ണമായി തടയുകയും ചെയ്യും. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നത് ഗ്രഹണ സമയത്ത് കാണാനാകും.

Weather Desk
1 min mins read

2025 ലെ അവസാന സൂര്യഗ്രഹണം നാളെ

2025 ലെ അവസാനത്തെ സൂര്യഗ്രഹണം നാളെ (ഞായര്‍) കാണാം. ഇന്ത്യന്‍ സമയം രാത്രി 10.59 നായിരിക്കും ഗ്രഹണമെന്നതിനാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഗ്രഹണം കാണാന്‍ കഴിയില്ല. ഇന്ത്യന്‍ സയമം രാത്രി 10.59 ന് തുടങ്ങി 1.11 ഓടെ പൂര്‍ണതോതിലെത്തി 3.23 ഓടെ ഗ്രഹണം അവസാനിക്കും.

ഈയിടെ ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണവും രക്തചന്ദ്രനെയും കണാന്‍ സാധിച്ചിരുന്നു. നാളത്തെ സൂര്യഗ്രഹണം ഭാഗികമാണ്. ന്യൂസിലാന്റ്, ആസ്‌ത്രേലിയ, അന്റാര്‍ട്ടിക, പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാകും.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും സൂര്യപ്രകാശം പൂര്‍ണമായി തടയുകയും ചെയ്യും. സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നത് ഗ്രഹണ സമയത്ത് കാണാനാകും. ഭാഗിക സൂര്യഗ്രഹണ സമയത്ത് 85 % ആണ് സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നുള്ളൂ. 


2025 ല്‍ നാലു ഗ്രഹണങ്ങള്‍

ഈ വര്‍ഷം നാലു ഗ്രഹണങ്ങള്‍ക്ക് ലോകം സാക്ഷിയാകുന്നുണ്ട്. രണ്ട് ഭാഗിക സൂര്യഗ്രഹണങ്ങളും രണ്ടു പൂര്‍ണ ചന്ദ്രഗ്രഹണങ്ങളുമാണത്. സെപ്റ്റംബര്‍ 22 നാണ് ഇക്വിനോക്‌സ് എന്ന തുലാദി വിഷുവം. അതിന് ഒരു ദിവസം മുന്‍പാണ് ഇത്തവണ സൂര്യഗ്രഹണം നടക്കുന്നത്. 2026 ഫെബ്രുവരി 17 നും ഓഗസ്റ്റ് 12 നും ആണ് അടുത്ത സൂര്യഗ്രഹണം. ഇതു രണ്ടും ഇന്ത്യയില്‍ കാണാനാകില്ല. 2027 ഓഗസ്റ്റിലെ സൂര്യഗ്രഹണം മാത്രമേ ഇനി ഇന്ത്യയില്‍ കാണാനാകൂ.

English Summary : Experience the last solar eclipse of 2025 tomorrow! Unfortunately, it will occur at 10:59 PM IST, making it unviewable from India.