ഉള്ളിത്തോലും, പഴത്തൊലിയും , ചായ ചണ്ടിയും കളയല്ലേ, മത്തിയും അധികം വാങ്ങിച്ചോളൂ കൃഷിക്കുവേണ്ട നല്ലൊരു വളമുണ്ടാക്കാം

വീട്ടിലെ കൃഷി വളരെ ചിലവ് കുറഞ്ഞതാണ്. നമുക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം. വിഷരഹിത പച്ചക്കറികൾ കഴിക്കാം. വളരെ ചുരുങ്ങിയ ചിലവിൽ വളമുണ്ടാക്കി കൂടുൽ വച്ചക്കറികൾ നടാം.

Maneesha Prasoon
2 mins mins read

ഉള്ളിത്തോലും, പഴത്തൊലിയും , ചായ ചണ്ടിയും കളയല്ലേ, മത്തിയും അധികം വാങ്ങിച്ചോളൂ കൃഷിക്കുവേണ്ട നല്ലൊരു വളമുണ്ടാക്കാം

അടുക്കളയിൽ നിന്നുമുള്ള ഉള്ളിത്തോലും പഴത്തോലുമൊക്കെ പുറത്തേക്ക് കളഞ്ഞാൽ അത് മാലിന്യമായി, എന്നാൽ ഇതെല്ലാം കൃഷിത്തോട്ടത്തിലേക്ക് കളഞ്ഞാലോ നാളേക്കുള്ള പച്ചക്കറി റെഡി. സത്യത്തിൽ അടുക്കളയിൽ നിന്നും നമ്മൾ വലിച്ചെറിയുന്ന ഓരോ പച്ചക്കറി വേസ്റ്റുകളും കൃഷിതോട്ടങ്ങളിലെ താരമാണ്. പച്ചക്കികൾ പൂവിടാനും, കായ്ക്കാനും ,ചെറുകീടങ്ങളെ തുരത്താനുമുള്ള വളങ്ങൾ അടുക്കളകളിൽ നിന്നു തന്നെ ഉണ്ടാക്കാം. അധിക പണച്ചിലവില്ലാതെ അടുക്കള മാലിന്യം ഉപയോഗിച്ച് ഈസിയായി വളങ്ങളുണ്ടാക്കാം.

ഉള്ളിത്തോൽ ഒഴിവാക്കരുതേ

കുഞ്ഞനുള്ളിയുടേയും വലിയ ഉള്ളി(Large onion)യുടേയും തോൽ നിസാരകാരല്ല, നല്ലൊരു വളമുണ്ടാക്കാൻ ഇവ തന്നെ ധാരാളം. ആദ്യം വേണ്ടത് ഈ ഉള്ളിത്തോലുകൾ കുറച്ചധികം ദിവസം എടുത്തു വക്കുക എന്നതാണ്. ഇവ ഒരു ബക്കറ്റിൽ ഇട്ടുവെച്ചതിനുശേഷം ഉള്ളിതോൽ മുങ്ങുന്ന പാകത്തിന് വെള്ളമൊഴിക്കുക. തുടർന്ന് ഇവ കൈകൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് ഇരട്ടിയിലധികം വെള്ളം ചേർത്ത് കട്ടികുറച്ച് ചെടികളിൽ സ്‌പ്രെ ചെയ്യാം. ഉള്ളിത്തോൽ മിക്സിയിലിട്ട് പൊട്ടിച്ച് ചെടികൾക്ക് ചുവട്ടിൽ ഇടുന്നതും നല്ലതാണ്. ഇതിലടങ്ങിയ പൊട്ടാസ്യവും, ഇരുമ്പും, മഗ്നീഷ്യവുമൊക്കെ പൂക്കാനും കായ്ക്കാനുമൊക്കെ അത്യുത്തമമാണ്. 

വലിയ പഴത്തൊലിയും ചെറിയ പഴത്തൊലിയും 

പഴത്തൊലികൾ ഇനി വെറുതെ കളയേണ്ട. അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമുണ്ട്. പഴത്തൊലി കഷ്‌ണങ്ങളാക്കി ഒരു പാത്രത്തിലിട്ട് മൂടി വെക്കുക. ഉള്ളിത്തോൽ ചെയ്തതു പോലെ തന്നെ പഴത്തൊലിയിലും നിറയെ വെള്ളമൊഴിക്കുക. അഞ്ചു ദിവസത്തോളം അടച്ചുവെക്കുക. പിന്നീട് ഇരട്ടിയിലധികം വെള്ളമൊഴിച്ച് നേർപ്പിച്ച് അരിച്ചെടുത്ത് സ്പ്രെ ചെയ്യുക. 

ചായച്ചണ്ടിയും, കാപ്പി ചണ്ടിയും

ഇവയും അടുക്കളയിൽ നിന്നും ലഭിക്കുന്ന നല്ലൊരു വളമാണ്. എന്നാൽ പഞ്ചസാര ഒഴിവാക്കാൻ ഇവ നന്നായി കഴുകണം. ചെടികടിയിൽ ഇടുന്നതിന് മുൻപ്  ഇവ നന്നായി ഉണക്കണം. ഇവയിലടങ്ങിയത് പൊട്ടാസ്യം, ഫോസ്ഫറസ്,നൈട്രജൻ എന്നിവയാണ്. നിറയെ പൂവിടാൻ ഇതുതന്നെ ധാരാളം. 

എരിവുള്ള കാന്താരി മുളകും പശുവിൻ മൂത്രവും

കാന്താരിമുളകോ പച്ചമുളകോ പേസ്റ്റ് രൂപത്തിലാക്കി ഒരു കപ്പ് ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുത്ത് നാലിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ ചെയ്യാം.

മത്തി നല്ലൊരു വളമാണ്

ഒരു കിലോ മത്തി ചെറുകഷ്ണങ്ങളാക്കിയതും അതുപോലെ തന്നെ വെല്ലം പൊടിച്ചതും ഒരു പാത്രത്തിലിട്ട് അടച്ച് ഇരുട്ടുമുറിയിൽ 45 ദിവസത്തോളം വെക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇവ കുഴമ്പ് രൂപത്തിയായതിനു ശേഷം പാകത്തിന് വെള്ളം ചേർത്ത് അരിച്ചെടുത്ത് ചെറികളിൽ സ്പ്രേ ചെയ്യുക. 

വീട്ടുകൃഷി പ്രോത്സാഹിപ്പിക്കാം

വീട്ടിലെ കൃഷി വളരെ ചിലവ് കുറഞ്ഞതാണ്. നമുക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കാം. വിഷരഹിത പച്ചക്കറികൾ കഴിക്കാം. വളരെ ചുരുങ്ങിയ ചിലവിൽ വളമുണ്ടാക്കി കൂടുൽ വച്ചക്കറികൾ നടാം.  പരിസ്ഥിതി മലിനീകരണമാവാതിരിക്കാനും അടുക്കളത്തോട്ടം ഉപകരിക്കും. 

English Summary : This article explains how you can use organic waste thrown away from your kitchen to make great organic fertilizers at no cost. The following are the main ones that are recommended for use as fertilizer.