ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കേരളത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം മാർച്ച് വരെ തുടരുമെന്നും തുടർന്ന് നോർമലിലേക്ക് ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐ.ഒ.ഡി) നിലവിൽ ന്യൂട്രലിലാണ്. ഇതും അടുത്ത മൂന്നു മാസം ഇതേ അവസ്ഥയിൽ തുടരും.
വടക്കൻ കേരളത്തിൽ മഴ കൂടും
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വടക്കൻ കേരളത്തിലും തെക്കൻ തീരദേശ കർണാടകയിലും മറ്റും സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകൾക്കാണ് കൂടുതൽ മഴ സാധ്യത. ക്ലൈമറ്റോളജിക്കൽ സാധ്യതാ പ്രവചനമാണിത്. ജനുവരിയിൽ കേരളത്തിൽ മിക്ക ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സാധാരണ മഴ സാധ്യതയാണ്. ജനുവരിയിൽ ദക്ഷിണേന്ത്യയിൽ മഴ കൂടുതൽ കർണാടകയിലാണ്. തമിഴ്‌നാട്ടിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കും.
ജനുവരിയിൽ പകൽ താപനിലയിൽ കുറവ്
കേരളത്തിൽ മിക്ക ജില്ലകളിലും പകൽ താപനില സാധാരണയേക്കാൾ കുറവാകും അനുഭവപ്പെടുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സാധാരണ തോതിലും ജനുവരിയിലെ താപനില അനുഭവപ്പെടും. രാത്രി താപനിലയിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ വർധനവുണ്ടാകും. കൊല്ലത്തും തിരുവനന്തപുരത്തും സാധാരണ രീതിയിലാകും രാത്രി താപനില.