ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും കേരളത്തില്‍ ഉള്‍പ്പെടെ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടു കൂടെയുള്ള മഴ മൂന്നു ദിവസം കൂടി തുടരും.
വെതര്‍ സിസ്റ്റം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും കാറ്റിന്റെ അഭിസരണം (comvergence) ന് കാരണമാകും. താഴ്ന്ന ഉയരത്തിലുള്ള കാറ്റിന്റെ അഭിസരണം നടക്കുന്നത് ഇടിയോടെ ഉച്ചയ്ക്കു ശേഷമുള്ള മഴക്കു കാരണമാകും. മലവെള്ളപ്പാച്ചിലും കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാം.
ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരയില്‍ വലിച്ചുകയറ്റിയ ഈര്‍പ്പമാണ് ആദ്യ ദിവസങ്ങളില്‍ മഴ പെയ്യിച്ചതെങ്കില്‍ ഈ ഈര്‍പ്പത്തിന്റെ ശേഷിപ്പും പടിഞ്ഞാറന്‍, കിഴക്കന്‍ കാറ്റുകളുടെ സംയോജനവുമാണ് ഇന്ന് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ കാരണം. ക്യുമിലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം അഭിസരണത്തിന്റെ തെളിവാണ്.
ന്യൂനമര്‍ദം അകലുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നുള്ള ചക്രവാതചുഴി (cyclonic circulation) 72 മണിക്കൂര്‍ കൂടി തുടരും. ഇതാണ് കേരളത്തിലെ അന്തരീക്ഷത്തെയും സ്വാധീനിക്കുക.
അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലായി, അതായത് കേരള തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു കാറ്റു കറക്കം കരയിലേക്ക് ഈര്‍പ്പത്തെ എത്തിക്കാനും പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്താനും ഇടയാക്കും. ഇത് താഴ്ന്ന ഉയരത്തിലെ കാറ്റിനെ സജീവമാക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായ കാറ്റുകറക്കവും ഇതേ സാഹചര്യമാണ് സൃഷ്ടിക്കുക്ക.
നിലവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായ സാഹചര്യത്തിലല്ലെങ്കിലും ഈ സിസ്റ്റങ്ങളാണ് താല്‍ക്കാലിക അന്തരീക്ഷ മാറ്റത്തിന് കാരണമാകുന്നത്. ഇന്നലത്തെ പോസ്റ്റില്‍ ഈ മാസം 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് നിരീക്ഷിക്കാന്‍ കാരണം ഇതാണ്. ഇരു സിസ്റ്റങ്ങളുടെയും പിടിയില്‍ നിന്ന് കേരളം മുക്തമാകുന്നതോടെ 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷസ്ഥിതി തുടരും.
English Summary : Even as the 'Well Marked Low Pressure' in the Bay of Bengal weakens, Kerala is set to witness continued rainfall for the next three days. Meteorological data points to low-level wind convergence and active cyclonic circulations as the primary drivers of thunder-showers across South and Central Kerala. While the system is moving northeast, moisture remnants and a secondary wind rotation in the Arabian Sea will sustain wet conditions until February 26. Expect a return to dry weather starting February 27.