kerala weather 13/12/24 : ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ; കേരളത്തിലെ മഴ സാധ്യത അറിയാം


kerala weather 13/12/24 : ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ; കേരളത്തിലെ മഴ സാധ്യത അറിയാം

കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ മാന്നാർ കടലിടുക്കിൽ നിന്നും പുറപ്പെട്ടു ഇന്ന് രാവിലെയോടെ കന്യാകുമാരി കടലിലെത്തി. ഇന്നലെ രാത്രിയിലും ന്യൂനമർദ്ദം ശക്തി കുറഞ്ഞിട്ടില്ല. ശക്തി കൂടിയ ന്യൂനമർദ്ദം (well marked low pressure – WML) ആയാണ് ഇന്നലെ രാത്രി 10 മണിക്ക് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ന് ശക്തി കുറഞ്ഞ് സാധാരണ ന്യൂനമർദ്ദം (low pressure area) ആകും.

കേരളത്തിൽ ഇന്നും മഴ തുടരും

തുടർന്ന് കേരളത്തിൽ ഇന്നും മഴ ലഭിക്കുമെന്ന് Metbeat Weather പറഞ്ഞു. തെക്കൻ ജില്ലകളിലാണ് മഴ സാധ്യത. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും. എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറവാണ്. ചിലയിടങ്ങളിൽ ചാറ്റൽ മഴ ലഭിക്കും. കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ചാറ്റൽ മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷം തുടരും. ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്.

കേരളം മുഴുവൻ മേഘാവൃതം

മധ്യകേരളത്തിലും ചാറ്റൽ മഴ സാധ്യത. അന്തരീക്ഷം മേഘാവൃതമാകും. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ. മിക്കയിടങ്ങളിലും തുടർച്ചയായ ചാറ്റൽ മഴ ഇന്നും പ്രതീക്ഷിക്കാം. കിഴക്കൻ മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. തെക്കൻ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ നേരിയ ഇടത്തരം മഴ തുടരുന്നുണ്ട്. ഇന്നലെ രാവിലെ മുതൽ പലയിടങ്ങളിലായി ഇതേ സാഹചര്യമാണ്. മഴ ശക്തമല്ലാത്തതിനാൽ മറ്റു കെടുതികൾ ഇല്ല.

തമിഴ്നാട്ടിൽ കനത്ത മഴ

എന്നാൽ തമിഴ്നാട്ടിൽ ഇന്നലെയും കനത്ത മഴ തുടർന്നു. ന്യൂനമർദ്ദം പുൾ എഫക്ട് (Pull effect) റൈൻ ആണ് കേരളത്തിൽ ലഭിക്കുന്നത്. തമിഴ്നാട്ടിൽ ബംഗാൾ കടലിൽ നിന്ന് കരകയറിയ ഈർപ്പം ശക്തമായ മഴയായി പെയ്തിറങ്ങി. തെക്കൻ തമിഴ്നാട്ടിലാണ് മഴ കനത്തത്. ഇന്നലെ തമിഴ്നാട്ടിന്റെ 53 ജില്ലകളിലും മഴ സാധ്യത മുന്നറിയിപ്പ് ഉണ്ടായിരുന്നു.

കേരളത്തിൽ മഴ കുറയാൻ കാരണം

എന്നാൽ, കേരളത്തിൽ ഈർപ്പം എത്തുമ്പോൾ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞിരുന്നു. ഇതിനു കാരണം പശ്ചിമഘട്ട പർവത നിരകളാണ്. അത് കടന്ന് കേരളത്തിലെത്തിയ ഈർപ്പത്തിന് ശക്തി കുറവായിരുന്നു. ഒപ്പം അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ (upper layer ) വീശിയ വടക്കൻ കാറ്റും കനത്ത മഴ ഒഴിവാക്കുകയും പകരം ചെറിയ മഴ നീണ്ടുനിൽക്കുന്ന വിധത്തിൽ മാറുകയും ചെയ്തു.

സ്പ്രേ മഴക്ക് കാരണം എന്ത്?

ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യ കാറ്റാണ് ഇതിനു കാരണം. ഈർപ്പത്തെ അന്തരീക്ഷത്തിൽ കൂടുതൽ പിടിച്ചുനിർത്തുന്ന രീതിയിൽ ഉയർന്ന പാളികളിൽ താപ വ്യതിയാനം ഉണ്ടായി. ഇതോടൊപ്പം ന്യൂനമർദ്ദത്തിന്റെ ഈർപ്പമുള്ള കാറ്റ് ( moisture wind ) അന്തരീക്ഷത്തിന്റെ താഴ്ന്ന നിലകളിലും വീശുന്നു. അതിനാലാണ് സ്പ്രേ ചെയ്യുന്നത് പോലെയുള്ള മഴ തുടരുന്നത്. കേരളത്തിൽ ഇന്നത്തോടെ മഴയുടെ സാഹചര്യം ഒഴിയുമെങ്കിലും, അടുത്ത ദിവസങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തുടർന്നേക്കും.

അറബിക്കടലിൽ ഇന്ന് ന്യൂനമർദം എത്തും

അറബിക്കടലിൽ ഇന്നുതന്നെ ന്യൂനമർദ്ദം എത്തും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ ഉണ്ടാകും. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണം. അടുത്ത ദിവസങ്ങളിൽ തന്നെ കടലിൽ പോകാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. അറബിക്കടലിലെത്തുന്ന ന്യൂനമർദ്ദം ശക്തിപ്പെടുമോ എന്ന കാര്യത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്. ശക്തിപ്പെടാൻ സാധ്യത കുറവാണെന്നാണ് Metbeat Weather നിരീക്ഷണം.

ചിഡോ ചുഴലിക്കാറ്റ് തീവ്രമായി

ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. മഡഗാസ്കറിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. Cyclone Chido ആണ് മഡഗാസ്കറിനെ സമീപം വീശുന്നത്. ഇത് തുടരുന്നതിനാൽ അറബിക്കടലിലെ ന്യൂനമർദ്ദത്തെ ശക്തിപ്പെടുന്നത് തടയാനാണ് സാധ്യത. ഈ മേഖലയിൽ നിന്നുള്ള കൂടുതൽ ഈർപ്പത്തെ തീവ്ര ചുഴലിക്കാറ്റ് വലിച്ചെടുക്കുന്നതാണ് കാരണം.

പുതിയ ന്യൂനമർദം വരുന്നു

അതിനിടെ മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ തീരത്തേക്ക് എത്തും. 16ന് ശേഷം കേരളത്തിൽ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസത്തെ ന്യൂനമർദ്ദത്തെയും മഴയെയും തുടർന്ന് കേരളത്തിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ അന്തരീക്ഷ താപനില 30 ഡിഗ്രിക്ക് താഴെ എത്തിയിരുന്നു. ഇതിനൊരു കാരണം ഉയർന്ന അന്തരീക്ഷ പാളികളിൽ ശീതക്കാറ്റ് വീശിയത് കൂടിയാണ് . ന്യൂനമർദ്ദം ശക്തമായി നിലകൊണ്ടത് മൂലമാണ് ഇത്തരത്തിൽ കാറ്റിന്റെ പ്രവാഹം ഉണ്ടായത്.

ചൂട് തിരികെ എത്തും

നാളത്തോടെ ഈ സ്ഥിതി മാറുകയും ചൂട് കൂടി തുടങ്ങുകയും ചെയ്യും. പുതിയ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത ഇപ്പോൾ വ്യക്തമല്ലാത്തതിനാൽ കേരളത്തിൽ എവിടെയൊക്കെ എപ്പോൾ എങ്ങിനെ മഴ പെയ്യും എന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അവ ലഭ്യമാകുന്ന മുറക്ക് നിങ്ങളെ അറിയിക്കും. അതിനായി താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020