Kerala Weather Alert 05/11/23 : ചക്രവാതച്ചുഴി കേരളത്തിന് കുറുകെ സഞ്ചരിക്കും ; അറബിക്കടലിൽ ന്യൂനമർദ സാധ്യത, മഴ തുടരും

Kerala Weather Alert 05/11/23

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. തുലാവർഷം ശക്തമാകുന്നതിനുള്ള എല്ലാ അന്തരീക്ഷ സാഹചര്യങ്ങളും ഉണ്ട്. തെക്കൻ തമിഴ്നാടിന് മുകളിൽ രൂപംകൊണ്ട ചക്രവാത ചുഴി (cyclonic circulation) കിഴക്കൻ കാറ്റിനെ ശക്തിപ്പെടുത്തുന്നുണ്ട്.

കിഴക്കൻ കാറ്റിന്റെ പ്രവാഹം തമിഴ്നാടിന് മുകളിലും ബംഗാൾ ഉൾക്കടലിലും സജീവമാണ്. ഈ കാറ്റിന്റെ ധാരയിലേക്ക് ഉൾനാടൻ കർണാടകയിൽ നിന്ന് നീളുന്ന ഒരു ന്യൂനമർദ്ദ പാത്തിയും (Trough of low in esterlies) സ്ഥിതി ചെയ്യുന്നു. ഇതാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് കാരണമാകുന്നത്.

ചക്രവാത ചുഴി കേരളം കടക്കും

ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തുലാവർഷം ശക്തിപ്പെടുമെന്നും ഇനിയുള്ള ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും കഴിഞ്ഞദിവസം Metbeat Weather ന്റെ പ്രവചനം metbeatnews.com വെബ്സൈറ്റിൽ നൽകിയിരുന്നു. ഇപ്പോൾ തെക്കൻ തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കേരളത്തിന് മുകളിലൂടെ അറബി കടലിലേക്ക് നീങ്ങും.

അതിനാൽ ഇന്നും നാളെയും കേരളത്തിൽ കാലവർഷത്തിന് സമാനമായ പരക്കെയുള്ള മഴക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇടിയോടുകൂടിയുള്ള മഴ കുറവായിരിക്കും. ചിലയിടങ്ങളിൽ മാത്രമാണ് ഇടിയോടുകൂടിയുള്ള മഴ ഉണ്ടാവുക.

പെയ്യുന്നിടത്ത് കനത്തു പെയ്യും

മഴ പെയ്യുന്ന ഇടങ്ങളിൽ ശക്തമായ പെട്ടെന്നുള്ള മഴയാണ് ഉണ്ടാവുക. നഗരങ്ങളിലും മറ്റും പെട്ടെന്ന് വെള്ളക്കെട്ടുകൾ രൂപപ്പെടും. ഉച്ചയ്ക്കുശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. അതിനാൽ വാഹനം ഓടിക്കുന്നവരും മറ്റും ജാഗ്രത പാലിക്കുക. ചിലയിടങ്ങളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തുലാവർഷം ശക്തമായതിനാൽ കേരളത്തിൽ ഡാമുകളിലേക്ക് നീരൊഴുക്ക് വർദ്ധിക്കും. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ വിശദമായ സൂചനകൾ നൽകിയിരുന്നു.

തമിഴ്നാടിന്റെ മേഖലകളിൽ ശക്തമായ മഴ ലഭിക്കുന്നതും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനക്കുന്നതുമാണ് നീരൊഴുക്ക് വർധിക്കാൻ ഇടയാക്കുക.

കാലവർഷക്കാലത്ത് നീരൊഴുക്ക് കുറഞ്ഞ ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്താൻ ഈ മഴ സഹായകമാകും എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. വൈദ്യുതി പ്രതിസന്ധിയെ ഒരു പരിധി വരെ പരിഹരിക്കാൻ ഇപ്പോൾ ലഭിക്കുന്ന മഴ സഹായിച്ചേക്കും.

തുലാവർഷം കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ പ്രവചിച്ചിരുന്നത്.

അറബി കടലിൽ ന്യൂനമർദ സാധ്യത

തെക്കൻ തമിഴ്നാടിന് മുകളിൽ നിന്ന് കേരളം കടന്നു അറബിക്കടലിൽ എത്തുന്ന ചക്രവാദ ചുഴി വീണ്ടും ശക്തിപ്പെട്ട് ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. അടുത്ത നാല് ദിവസത്തിനകം ഇത് ന്യൂനമർദമാകും. കേരളത്തിന് സമാന്തരമായി തെക്കു കിഴക്കൻ അറബിക്കടലിൽ എത്തുന്ന ചക്രവാത ചുഴിക്ക് കടലിൽ നിന്ന് ധാരാളം ഊർജ്ജം വലിച്ചെടുക്കാൻ കഴിയും.

അറബിക്കടൽ ചൂടായി തുടരുന്നതാണ് ഇതിന് കാരണം. കടലിന്റെ താപനില അനുസരിച്ച് ന്യൂനമർദ്ദത്തിന് കൂടുതൽ ശക്തിപ്പെടാനും കഴിയും. കേരളതീരത്തുനിന്ന് അകന്നു പോകാൻ ആണ് സാധ്യതയെങ്കിലും കേരളത്തിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴ ലഭിക്കും. അതിനാൽ ഇനിയുള്ള അഞ്ചു ദിവസം കേരളത്തിൽ മഴ പ്രതീക്ഷിക്കണം.

ഇടിയോടെ മഴ ഇല്ലാത്തതിന് കാരണം

ഇന്നും നാളെയും കിഴക്കൻ കാറ്റ് തമിഴ്നാടിന്റെ മുകളിൽ കേന്ദ്രീകരിക്കപ്പെടുന്നതിനാലും പടിഞ്ഞാറൻ കാറ്റ് കരയിൽ പ്രവേശിക്കുന്നതിനാലും ആണ് ഇടിയോടുകൂടിയുള്ള മഴ കുറയാൻ കാരണം. ഇന്നലെയും തീരദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ പടിഞ്ഞാറൻ കാറ്റ് കരയിൽ പ്രവേശിച്ചിരുന്നു. ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റ് മധ്യകേരളം മുതൽ വടക്കൻ ജില്ലകളിലേക്ക് പ്രവേശിച്ചതാണ് ഇന്നലെ ഈ പ്രദേശങ്ങളിൽ വ്യാപകമായി മഴ ലഭിക്കാൻ കാരണമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

ചൊവ്വാഴ്ച മുതൽ കേരളത്തിൽ ഇടിയോടു കൂടെയുള്ള മഴ തിരികെ എത്തും. അപ്പോൾ വീണ്ടും ഇടി മിന്നൽ ജാഗ്രത പുലർത്തണം. ഇന്ന് ഞായറാഴ്ച പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റോഡുകളിലും മറ്റും ബ്ലോക്ക് ഉണ്ടാകാനും വെള്ളക്കെട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ മഴ മുൻകരുതലുകൾ സ്വീകരിച്ചും മറ്റും വേണം ഇന്നത്തെ പരിപാടികൾ പ്ലാൻ ചെയ്യാൻ .

© Metbeat News

Medias Requested to mention or give backlink to metbeatnews.com, metbeat.com if use our data and analysis for news.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment