kerala weather 08/02/24: ഇന്ന് ചൂട് 40 ഡിഗ്രി കടന്നു, അടുത്ത മഴയെന്ന് എന്നറിയാം
കേരളത്തില്‍ ചൂട് 40 ഡിഗ്രി കടന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്വയംനിയന്ത്രിത കാലാവസ്ഥാ മാപിനി ( Automated weather station (AWS) ലാണ് 40.6 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് ഔദ്യോഗികമായി പരിഗണിക്കാത്തതിനാല്‍ പരമ്പരാഗത കാലാവസ്ഥാ മാപിനിയായ തൃശൂര്‍ വെള്ളിനിക്കരയിലെ 37.6 ഡിഗ്രി താപനിലയാണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനിലയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാഞ്ഞിരമ്പുഴയിലാണ് 40.6 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. മലമ്പുഴ ഡാമില്‍ 39.2 ഡിഗ്രി സെല്‍ഷ്യസും മങ്കരയില്‍ 38.4 ഉം ഒറ്റപ്പാലത്ത് 38.7 ഉം തൃശൂര്‍ വിലങ്ങന്‍കുന്നില്‍ 39.4ഉം പീച്ചില്‍ 39.3 ഡിഗ്രിയും പത്തനംതിട്ടയിലെ വെണ്‍കുറിഞ്ഞിയില്‍ 39.4 ഉം കണ്ണൂര്‍ ചെമ്പേരിയില്‍ 38.6 ഡിഗ്രിയും കാസര്‍ക്കോട്ടെ പാണത്തൂരില്‍ 38 ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ താപനില.
വരണ്ടകിഴക്കന്‍ കാറ്റിന്റെ സ്വാധീനം ഇന്ന് രാവിലെ മുതല്‍ കേരളത്തില്‍ കാണപ്പെട്ടിരുന്നു. ഇതാണ് ചൂട് വരും ദിവസങ്ങളില്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മെറ്റ്ബീറ്റ് വെതര്‍ പറയാന്‍ കാരണം. ഈ മാസം 14 വരെ ഇതേ രീതിയില്‍ ചൂടുകൂടിയ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നും 14, 15 തിയതികളില്‍ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ഇന്നലെ കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥയായിരുന്നു. എവിടെയും മഴ രേഖപ്പെടുത്തിയില്ല. ഇന്നലെയും തുടര്‍ച്ചയായ മൂന്നാം ദിവസം കേരളത്തില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു. 37.5 ഡ്ിഗ്രി താപനില. കൊല്ലത്തെ പുനലൂരിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില (16.5) ഡിഗ്രി രേഖപ്പെടുത്തിയത്.
കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രതയും നിലവിലില്ല. അതേസമയം, തെക്കന്‍ തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ തിരമാലകള്‍ക്ക് 0.5 മുതല്‍ 1.6 മീറ്റര്‍ വരെ ഉയരമുണ്ടാകും. കലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Photo : JIbin PK