kerala weather 22/07/24: ശക്തമായ ന്യൂനമർദം ഒഡിഷക്ക് മുകളിൽ തുടരുന്നു, മഴ സാധ്യത ഇങ്ങനെ
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട് കരകയറിയ ന്യൂനമർദ്ദം ഛത്തീസ്ഗഡിനും ഒഡീഷക്കും ഇടയിൽ ശക്തമായ ന്യൂനമർദ്ദമായി (well marked low pressure – WML) തുടരുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമാകും. ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിൽ മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂർ ആയി മഴയുടെ ശക്തി ഗണ്യമായി കുറയുകയും പകൽ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കുകയും ചെയ്തു. ഇന്നും പകൽ വെയിൽ തുടരാനാണ് സാധ്യത. എന്നാൽ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് പുലർച്ചെ മുതൽ മഴയുണ്ട്. ഈ മഴ ഉച്ചയ്ക്ക് മുൻപായി അവസാനിക്കും.
ന്യൂനമർദ്ദം കരകയറി ഒഡീഷയുടെ ഭാഗത്തുനിന്ന് മധ്യ ഇന്ത്യയിലെ നീങ്ങുന്നതിന്റെ ഭാഗമായി കാറ്റിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങളാണ് കടൽ രൂപപ്പെടുന്ന മേഘങ്ങളെ തെക്കൻ കേരളത്തിൽ എത്തിക്കുന്നത്. മറ്റു കാലാവസ്ഥ ഘടകങ്ങൾ ഇല്ലാത്തതിനാൽ മഴ സാധാരണ രീതിയിൽ മാത്രം ലഭിക്കും.
കർക്കിടക മാസം ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിൽ മഴ കുറവ് തുടരുകയാണ്. സാങ്കേതികമായി മഴ സാധാരണ രീതിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും 10 ശതമാനത്തിലേറെ മഴ കുറവ് ഇപ്പോഴുമുണ്ട്.
വരുന്ന ദിവസങ്ങളിൽ വീണ്ടും കേരളത്തിൽ മഴ സജീവമാകും. ഈ മാസം 23 മുതൽ ചില ജില്ലകളിൽ മഴ ലഭിച്ചു തുടങ്ങും. വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഞങ്ങളുടെ വിശദമായ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുക.
കൊങ്കൺ മേഖലയിൽ ശക്തമായ മഴ തുടരും. മലയാളി ഡ്രൈവർ അർജുനെ കാണാതായ ഉത്തര കന്നടയിലെ ഷിരൂരിൽ ഇന്നും മഴ സാധ്യതയുണ്ട്. കാലവർഷക്കാറ്റ് കേരളത്തിൽ ദുർബലമായെങ്കിലും മംഗലാപുരം മുതൽ മുംബൈ വരെയുള്ള മേഖലകളിൽ മഴ ശക്തമാകും. കൊങ്കൺ തീരത്ത് കനത്ത മഴ പെയ്യുന്നത് അർജുന വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page