kerala weather 17/11/23 : അതി തീവ്ര ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റ് ആയേക്കും

kerala weather 17/11/23

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം (deep depression), ഇന്ന് (17/11/23) ചുഴലിക്കാറ്റ് ആയേക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ബംഗ്ലാദേശ് തീരത്തിനോട് അടുത്തു വച്ചാണ് ചുഴലിക്കാറ്റ് രൂപം കൊള്ളുക. നേരത്തെ ചുഴലിക്കാറ്റ് സാധ്യത Metbeat Weather ഉം നിരീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ രാവിലത്തെ അവലോകന റിപ്പോർട്ടിൽ ചുഴലിക്കാറ്റ് സാധ്യത ഇല്ലെന്നാണ് പറഞ്ഞിരുന്നത്.

കടലിന് ചൂടേറി

തീരത്തോട് അടുത്തു യാത്ര ചെയ്യുമ്പോഴുള്ള ഘർഷണം മൂലം അതി തീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പെട്ടേക്കില്ല എന്ന നിഗമനമാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണം. എന്നാൽ ബംഗാൾ, ബംഗ്ലാദേശ് തീരത്ത് സമുദ്രോപരിതല താപനില (sea surface temperature -SST) 29 – 30 ഡിഗ്രി സെൽഷ്യസ് വരെ ഉള്ളതിനാൽ കര കയറും മുൻപ് കുറച്ച് നേരം ചുഴലിക്കാറ്റ് വേഗത പ്രാപിച്ചേക്കും. ചൂടുള്ള കടൽ കൂടുതൽ ഊർജം നൽകുന്നത് മൂലമാണിത്.

ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ഒഡിഷ മുതൽ വടക്കോട്ടുള്ള ഇന്ത്യൻ തീരദേശത്ത് ശക്തമായ മഴ ലഭിക്കും. ബംഗാളിലും തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ട്. നാളെയോടെ ബംഗ്ലാദേശിലെ മോംഗ്ലക്കും കേപുപാറക്കും ഇടയിൽ ചുഴലിക്കാറ്റ് കരകയറും. കര കയറുമ്പോൾ കാറ്റിന് 80 കി.മി വേഗതയാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയിൽ (cyclonic circulation ) നിന്ന് ന്യൂനമർദ പാത്തി (Trough ) രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ ആണ് ഇത് സ്വാധീനം ഉണ്ടാക്കുന്നത്. അതിനാൽ തെക്കൻ തമിഴ്നാട്, കേരളം ഒറ്റപ്പെട്ട മഴക്ക് കാരണം ആകും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത നിലനിൽക്കുന്നു. കോഴിക്കോട് ജില്ലയുടെ തീരദേശം, എറണാകുളം, തൃശ്ശൂർ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളുടെ തീര മേഖല കോട്ടയം, പത്തനംതിട്ട , ഇടുക്കി, കൊല്ലം, ജില്ലകളുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ നിന്ന് നേരിയതോതിൽ മഴ സാധ്യത. ഇന്നലെ കണ്ണൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

© Metbeat News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment