kerala weather 11/01/24 : കേരള തീരത്ത് ചക്രവാത ചുഴി : ഇന്നു മുതൽ വരണ്ട കാലാവസ്ഥക്ക് സാധ്യത, പകൽ ചൂട് കൂടും

kerala weather 11/01/24 : കേരള തീരത്ത് ചക്രവാത ചുഴി : ഇന്നു മുതൽ വരണ്ട കാലാവസ്ഥക്ക് സാധ്യത, പകൽ ചൂട് കൂടും

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്ത മഴക്ക് ശേഷം ഇന്നുമുതൽ വീണ്ടും വരണ്ട കാലാവസ്ഥക്ക് സാധ്യത. മഴ ഇന്നലെ മുതൽ കുറയുമെന്ന് കഴിഞ്ഞ ദിവസങ്ങളിലായുള്ള metbeatnews.com ലെ കാലാവസ്ഥ പ്രവചനങ്ങളിൽ  വ്യക്തമാക്കിയിരുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപമായി രൂപപ്പെട്ട ചക്രവാത ചുഴിയും ഇതേതുടർന്ന് കിഴക്കൻകാറ്റ് ശക്തിപ്പെട്ടതും ആണ് വൈകുന്നേരങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴക്ക് കാരണമായത്.

എന്നാൽ ഇന്നലെയോടെ ഈ ചക്രവാത ചുഴി (cyclonic circulation) പടിഞ്ഞാറ് സഞ്ചരിച്ച് കേരളതീരത്ത് എത്തിയിട്ടുണ്ട്. ലോവർ ട്രാപോസ്ഫിയറിൽ 1.5 കി.മീ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാലവർഷമാണെങ്കിൽ ഇത്തരം സിസ്റ്റം കേരളത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്ന മഴ നൽകുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരണ്ട കാലാവസ്ഥയാണ് ഈ സിസ്റ്റം വഴി ഉണ്ടാകുക.

പ്രതീക്ഷിച്ചതു പോലെ വടക്കു കിഴക്കൻ കാറ്റിന്റെ ദിശയിൽ ഇപ്പോൾ മാറ്റം വന്നു. കാറ്റ് കര കയറാതെ ഇന്ത്യയുടെ തെക്കേ മുനമ്പിനെ ചുറ്റി സഞ്ചരിക്കുകയാണ്. ഇത്തരം ഒരു സാധ്യത കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ നിരീക്ഷകർ സൂചിപ്പിച്ചിരുന്നു. അതിനാലാണ് ഇന്നലെ മുതൽ മഴ കുറയുമെന്ന് Metbeat Weather ൽ നിന്ന് പ്രവചനം ഉണ്ടായത്.

ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അപേക്ഷിച്ചു മഴ കുറഞ്ഞു. കൊല്ലം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഏതാനും പ്രദേശങ്ങളിൽ ഇന്നലെ മഴ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ മറ്റു ജില്ലകളിൽ മഴ രഹിതമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും ഇന്നലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു. 

തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ഇന്ന് കൂടുതൽ തെളിഞ്ഞ കാലാവസ്ഥ ഇവിടങ്ങളിൽ അനുഭവപ്പെടും. തെക്കൻ തമിഴ്നാട്ടിൽ ഒറ്റപ്പെട്ട മഴ ഇന്നും പ്രതീക്ഷിക്കാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും. കേരളത്തിൽ അടുത്ത 10 ദിവസം മഴ കുറയും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. തുലാവർഷം വിടവാങ്ങേണ്ട സമയമായിട്ടും ഇതുവരെ ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും കാരണം വിടവാങ്ങിയിരുന്നില്ല.

അടുത്ത ദിവസങ്ങളിൽ തുലാവർഷം വിടവാങ്ങുന്നതിന്റെ സൂചനകളും കണ്ടു തുടങ്ങും. ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യക്കാറ്റ് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതോടെ തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിലും രാവിലെ തണുപ്പും മഞ്ഞും അനുഭവപ്പെടും. ജനുവരി രണ്ടാം വാരത്തോടെയാണ് കേരളത്തിൽ ശൈത്യം എത്തുക എന്ന് നേരത്തെയുള്ള അവലോകന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നല്ലോ ?

പകൽ ചൂട് കുടും, രാത്രി തണുക്കും

കേരളത്തിൽ വരം ദിവസങ്ങളിൽ പകൽ താപനില കൂടും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സംസ്ഥാനം ഇനിയുള്ള ദിവസങ്ങളിൽ കേരളം ആകാനാണ് സാധ്യത. വടക്കൻ കേരളത്തിലെ കണ്ണൂർ തെക്കൻ കേരളത്തിലെ പുനലൂർ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ താപനില റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളത്. കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി കണ്ണൂരിൽ കൂടുതൽ താപനില റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം രാത്രി തണുപ്പ് തിരികെ എത്തും. രാത്രി വൈകിയും പുലർച്ചെയും ആണ് തണുപ്പ് അനുഭവപ്പെടുക.

കേരളത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷ സ്ഥിതിയാണ് ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവുക. കാലാവസ്ഥാ വിവരങ്ങൾക്കും കരിയർ, തൊഴിൽ വിദ്യാഭ്യാസ വാർത്തകൾക്കുമായി മെറ്റ്ബീറ്റ് ന്യൂസ് സന്ദർശിക്കുക. അതിനയി ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും വാട്സ് ആപ്പ് ചാനലിലും ജോയിൻ ചെയ്യുക. 

© Metbeat News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment