ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്തിന് സമീപമായി രൂപംകൊണ്ട ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത നാല് ദിവസം മഴ ശക്തിപ്പെടാൻ സാധ്യത. കേരളത്തിലും തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച ഫിലിപ്പൈൻസ് , വിയറ്റ്നാം മേഖലകളിൽ വീശിയടിച്ച നൊരു ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചക്രവാതചുഴിയായി ഇന്നലെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചിരുന്നു. നോരുവിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ വച്ച് വീണ്ടും ശക്തി ആർജിക്കാൻ സാധ്യതയുണ്ട്. ഇത് നിലവിലുള്ള ചക്രവാത ചുഴിയുമായി ചേർന്ന് ശക്തിപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ബംഗാൾ ഉൾക്കടലിൽ സമുദ്ര ഉപരിതല താപനില കൂടി നിൽക്കുന്നതിനാലാണിത്. കേരളം ഉൾപ്പെടെയുള്ള പശ്ചിമ തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടാനും സാധ്യത കാണുന്നു കൂടുതൽ ഈർപ്പ പ്രവാഹം കിഴക്കൻ മേഖലയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ നിന്നും എത്തുന്ന സാഹചര്യമാണ് ദക്ഷിണ ഇന്ത്യയിൽ ഉള്ളത്. ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ലഭിച്ചതുപോലെയുള്ള മഴ തുടരും . ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. കൂടുതൽ അപ്ഡേഷനുകൾക്ക് Metbeat Weather ഫേസ്ബുക്ക് പേജ് ലൈക് ചെയ്തു പിന്തുടരുക.