2022 ലെ കാലവർഷ കലണ്ടർ തീർന്നു; കേരളത്തിൽ 14% മഴക്കുറവ് /

കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) കലണ്ടർ ഔദ്യോഗികമായി ഇന്ന് അവസാനിച്ചപ്പോൾ കേരളത്തിൽ 14 ശതമാനം മഴക്കുറവ്. അതേസമയം, രാജ്യത്തുടനീളം ഏഴു ശതമാനം മഴ കൂടുതൽ രേഖപ്പെടുത്തി. ദീർഘകാല ശരാശരി പ്രകാരം രാജ്യത്ത് മൺസൂൺ കാലമായ നാലു മാസം 87 സെ.മി മഴയാണ് ലഭിക്കേണ്ടത്. 1971 മുതൽ 2022 വരെയുള്ള മഴക്കണക്കാണ് ദീർഘകാല ശരാശരിയായി കണക്കാക്കുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്തും. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മഴയാണ് കാലവർഷ കലണ്ടറിൽ ഉൾപ്പെടുത്തുക. ഇതു പ്രകാരമുള്ള കണക്കാണിത്. എന്നാൽ കാലവർഷം രാജ്യത്തു നിന്ന് ഇപ്പോഴും വിടവാങ്ങിയിട്ടില്ല. നാളെ മുതൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് വരിക. തുലാവർഷ കലണ്ടർ ഒക്ടോബർ മുതൽ ഡിസംബർ 31 വരെയാണ്. കാലവർഷ സീസണിൽ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 2018.6 എം.എം മഴയാണ്. എന്നാൽ ഈ വർഷം ലഭിച്ചത് 1736.6 എം.എം മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ച കാസർകോട്ട് 785.7 മില്ലിമീറ്റർ മഴ ലഭിച്ചു. തൊട്ടടുത്തുള്ള കണ്ണൂരിൽ 2334.5 എം.എം മഴയാണ് ലഭിച്ചത്. 593 എം.എം മഴ ലഭിച്ച തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. തൊട്ടടുത്തുള്ള കൊല്ലത്താകട്ടെ 999.1 എം.എം മഴ ലഭിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിലെ മഴ ലഭ്യതയുടെ അന്തരമാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ജില്ലകളിലും സാങ്കേതികമായി സാധാരണ മഴ ലഭിച്ചതായി കണക്കാക്കാമെങ്കിലും മഴ ലഭ്യതയിൽ കുറവുണ്ടായി. കാസർകോട്് ജില്ലയിൽ 2% കുറവ് മഴ രേഖെപ്പടുത്തിയപ്പോൾ പാലക്കാട് 6 ശതമാനമാണ് കുറവ്. തിരുവനന്തപുരം (30% ), ആലപ്പുഴ (29%’) കൊല്ലം ( 21%) കുറവ് മഴയാണ് ഇത്തവണ റെക്കോർഡ് ചെയ്തത്. കഴിഞ്ഞ വർഷം കാലവർഷ മഴയിൽ 16 ശതമാനം കുറവും 2020 ൽ ഒൻപതു ശതമാനം അധിക മഴയും രേഖപ്പെടുത്തിയിരുന്നു.പ്രളയമുണ്ടായ 2019 ലും 2018 ലും യഥാക്രമം 16 ഉം 23 ഉം ശതമാനം അധിക മഴയാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ദേശീയ തലത്തിൽ മഴ സാധാരണ നിലയിലാണെങ്കിലും കാർഷിക മേഖലയിൽ കുറഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ 18 ശതമാനം മഴക്കുറവുണ്ട്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഒരു ശതമാനം അധിക മഴ ലഭിച്ചു. മധ്യ ഇന്ത്യയിൽ 19 ശതമാനം അധിക മഴയും ദക്ഷിണേന്ത്യയിൽ 22 ശതമാനം അധിക മഴയും രേഖപ്പെടുത്തി. യു.പിയിൽ 28 ശതമാനം മഴ കുറഞ്ഞു. ബിഹാറിൽ 31 %, ജാർഖണ്ഡിൽ 21%, മണിപ്പൂർ 47 %, മിസോറം 22%, ത്രിപുര 24 %, മഴ കുറഞ്ഞു.

Leave a Comment