കേരളത്തിൽ ഇത്തവണ വേനൽമഴ കൂടുതൽ ലഭിക്കാൻ സാധ്യത, ചൂടിനിടയിൽ ആശ്വാസമായി വേനൽ മഴ
കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നതിനിടയിൽ ഇത്തവണ വേനൽമഴ കൂടുതൽ ലഭിക്കുമോയെന്ന ആശങ്കയും പ്രതീക്ഷയും ഒരുപോലെ ഉയരുകയാണ്. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം മാർച്ച് മുതൽ മേയ് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ വേനൽമഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ചില ജില്ലകളിൽ ഇതിനോടകം തന്നെ വേനൽ മഴ ലഭിച്ചു കഴിഞ്ഞു. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ സാധാരണയായി അനുഭവപ്പെടുന്ന വേനൽമഴ ഇത്തവണയും ഇടയ്ക്കിടെ ലഭിക്കാമെന്നാണ് വിലയിരുത്തൽ.
നിലവിൽ അറബികടലിൽ നിന്നും ഉച്ചക്ക് ശേഷം പടിഞ്ഞാറൻ കാറ്റിനോപ്പം ഈർപ്പം നന്നായി കരകയറുന്നുണ്ട്. ഇത് രാത്രി ഉഷ്ണം വർധിപ്പിക്കും. അതോടൊപ്പം രാത്രി വൈകിയോ പുലർച്ചെയോ കേരളത്തിന്റെ പടിഞ്ഞാറൻ പാതി കേന്ദ്രീകരിച്ച് അങ്ങിങ്ങായി മഴക്കോ ഇടിയോടു കൂടിയ മഴയ്ക്കോ കാരണമാകുകയും ചെയ്യും.
എന്നാൽ അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിൽ കിഴക്കൻ കാറ്റ് നിലവിൽ സജീവമല്ല എന്നതിനാൽ ഉച്ചക്ക് ശേഷം കിഴക്കൻ മലയോര മേഖലകളിൽ നിന്നും തുടങ്ങുന്ന ഇടിയോടു കൂടിയ മഴ ശക്തിപ്പെടാൻ ഒരു വാരം കൂടെ കഴിയും. മാർച്ച് പകുതിയോടെ വേനൽ മഴ കൂടുതൽ പ്രദേശങ്ങളിൽ ലഭിച്ചു തുടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.
മാർച്ച് മാസം തെക്കൻ ജില്ലകളിൽ സാധാരണയിൽ നിന്നും അൽപ്പം കൂടുതലായി മഴ ലഭിച്ചേക്കാം. അതുപോലെ മധ്യ വടക്കൻ ജില്ലകളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കാം.
മഴയ്ക്കുള്ള കാരണം
കടുത്ത ചൂട് മൂലം ഭൂമിയുടെ ഉപരിതലം വേഗത്തിൽ ചൂടാകുകയും ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും ചെയ്യുന്നതാണ് ഇത്തരം മഴയ്ക്ക് പ്രധാന കാരണം. മുകളിലേക്ക് ഉയർന്ന വായു തണുത്തപ്പോൾ ജലവാഷ്പം മേഘങ്ങളായി രൂപപ്പെട്ട് ഇടിമിന്നലോടുകൂടിയ മഴയായി മാറുന്നു.
കാലാവസ്ഥയിലെ വ്യതിയാനങ്ങൾ കാരണം ചില ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമ്പോൾ മറ്റുചില സ്ഥലങ്ങളിൽ ചൂട് തുടരാനും സാധ്യതയുണ്ട്. അതിനാൽ വേനൽമഴ പ്രദേശികമായി മാത്രം അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
വേനൽമഴ ലഭിക്കുന്നത് താപനില കുറയ്ക്കാനും കാർഷിക മേഖലക്ക് ആശ്വാസമാകാനും സഹായകമാകും. എന്നാൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
English Summary : As Kerala grapples with soaring temperatures, the latest weather forecasts offer a glimmer of hope with the arrival of summer showers. Meteorologists predict that the state will experience intermittent thundershowers from March to May, providing much-needed relief to both the public and the agricultural sector.