തെക്കൻ കേരളത്തിൽ ഇന്ന് പതിവിന് വിരുദ്ധമായി നേരത്തെ മഴക്ക് സാധ്യത. തമിഴ്നാട് തീരത്ത് നിരവധി മഴമേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ തമിഴ്നാട് മുതൽ വിദർഭ വരെ ന്യൂനമർദ്ദ പാത്തിയും (Trough) രൂപപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് (LWD) അനുഭവപ്പെടുകയാണ്. ഒപ്പം ചൂട് കൂടിയ പ്രദേശങ്ങളിൽ സംവഹന മേഘങ്ങളും (Convective Clouds) രൂപപ്പെടും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ (Thunderstorm) ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും (Hail Storm) കാരണമാകും.
തമിഴ്നാടിന്റെ തെക്കൻ മേഖലയിലായി കാറ്റിൻറെ ചുഴി (lower level wind Circulation) രൂപപ്പെടുന്നുണ്ട്. ഇതൊരു താൽക്കാലിക പ്രതിഭാസമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലെ മേഘങ്ങളെ കേന്ദ്രീകരിക്കപ്പെടാനും ഇത് കേരളത്തിലെ തെക്കൻ ജില്ലകളിലായ കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഉച്ചയ്ക്ക് മുമ്പ് മഴ നൽകാനും കാരണമാകും എന്നാണ് നിരീക്ഷണം.
ഇന്ന് വൈകിട്ട് കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളുടെ മധ്യ കിഴക്കൻ മേഖലകളിലായി ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത് പോലെയുള്ള സ്ഥിതിയാണ് ഇന്നും ഉണ്ടാവുക. പരക്കെയുള്ള വേനൽ മഴ ലഭിക്കാൻ ഈ മാസം 25 വരെ കാത്തിരിക്കാം. ഈ മാസം 25നും 30നും ഇടയിൽ വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കും. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത ഇന്നുമുതൽ തെളിയും. എന്നാൽ കണ്ണൂർ ജില്ലയുടെയും കാസർകോടിന്റെയും തീരദേ ശം ഉൾപ്പെടെയുള്ള മഴ സാധ്യത ഇപ്പോഴും വ്യക്തമായിട്ടില്ല.