കേരളത്തിൽ വേനൽ മഴ 48% കുറഞ്ഞു; മഴയില്ലാതെ കണ്ണൂരും കാസർകോടും

വേനൽ മഴ സീസൺ 18 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ വേനൽ മഴയിൽ 48 ശതമാനം മഴക്കുറവ്. മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള മഴയാണ് വേനൽമഴയുടെ കണക്കിൽ ഉൾപ്പെടുത്തുന്നത്. ദീർഘകാല ശരാശരി (Long Period Average) പ്രകാരം കേരളത്തിൽ മാർച്ച് 1 മുതൽ 18 വരെ പെയ്യേണ്ടത് 18.8 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇപ്പോൾ ലഭിച്ചത് 9.8 എം.എം മഴയാണ്. കഴിഞ്ഞ നാലു ദിവസം മഴ തകർത്തു പെയ്ത വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 13.1 എം.എം മഴ ലഭിക്കേണ്ടതിനു പകരം 18.1 എം.എം മഴയാണ് ലഭിച്ചത്. 43 ശതമാനം അധിക മഴ. പത്തനംതിട്ടയിലും അധികമഴ (28%) ലഭിച്ചു. ഇടുക്കിയിൽ സാധാരണ മഴയും (-13%) ലഭിച്ചത് ഒഴിച്ചാൽ മറ്റു ജില്ലകളില്ലെല്ലാം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

മഴയില്ലാതെ കാസർകോട്ടും കണ്ണൂരും
വേനൽ മഴ താരതമ്യേന കുറവു ലഭിക്കുന്ന വടക്കൻ ജില്ലകളിൽ ഇപ്പോഴും വേനൽ മഴ കാര്യമായി സാന്നിധ്യമറിയിച്ചിട്ടില്ല. തെക്കൻ ജില്ലകളിൽ കഴിഞ്ഞ നാലു ദിവസമായി പലയിടത്തും മഴ ലഭിക്കുകയുമാണ്. മാർച്ച് 18 വരെ കണ്ണൂരിൽ 6.8 എം.എം മഴയാണ് ലഭിക്കേണ്ടത്. ഇതുവരെ മഴയൊന്നും കാലാവസ്ഥാ വകുപ്പിന്റെ മാപിനികളിൽ കണ്ണൂരിൽ രേഖപ്പെടുത്തിയില്ല. കാസർകോട് ഇന്നു വരെ 4 എം.എം മഴയാണ് ലഭിക്കേണ്ടത്. കാസർകോട്ടും മഴയൊന്നും പെയ്തതായി റെക്കോർഡില്ല. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും മഴക്കുറവ് 100 ശതമാനമാണ്. 10 എം.എം ആണ് ഇവിടെ മഴ കിട്ടേണ്ടത്. കോഴിക്കോട്ട് മഴയിൽ 89 ശതമാനം കുറവാണുള്ളത്. 11.8 എം.എം മഴ ലഭിക്കേണ്ടതിനു പകരം കോഴിക്കോട്ട് 1.3 എം.എം മഴയാണ് ലഭിച്ചത്. മലപ്പുറത്തും സമാന സാഹചര്യമാണ്. 83 ശതമാനമാണ് മഴക്കുറവ്. 12.8 എം.എം മഴ കിട്ടേണ്ടതിനു പകരം 2.1 എം.എം മഴ ലഭിച്ചു. പാലക്കാട്ട് കഴിഞ്ഞ ദിവസം മഴ രേഖപ്പെടുത്തിയെങ്കിലും 74 ശതമാനം മഴക്കുറവുണ്ട്. തൃശൂരിൽ 79 ശതമാനമാണ് മഴക്കുറവ്. 13 എം.എം മഴ കിട്ടേണ്ടതിനു പകരം 2.7 എം.എം മഴയാണ് ലഭിച്ചത്.

എറണാകുളത്ത് 76 ശതമാനം മഴക്കുറവുണ്ട്. 22.8 എം.എം മഴ ലഭിക്കേണ്ട ഇവിടെ 5.6 എം.എം മഴയാണ് ലഭിച്ചത്. കോട്ടയത്ത് 59 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 29.7 എം.എം മഴക്കു പകരം 12.1 എം.എം മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ മഴക്കുറവ് 70 ശതമാനമാണ്. 25.5 എം.എം മഴ കിട്ടേണ്ടതിനു പകരം 7.6 എം.എം മഴ ലഭിച്ചു. കൊല്ലത്ത് 57 ശതമാനവും തിരുവനന്തപുരത്ത് 92 ശതമാനവും മഴ കുറഞ്ഞു. കൊല്ലത്ത് 32.1 എം.എം മഴയും തിരുവനന്തപുരത്ത് 20.5 എം.എം മഴയും ലഭിക്കേണ്ടതിനു പകരം യഥാക്രമം 13.8 ഉം 1.7 ഉം എം.എം മഴയാണ് ഇവിടങ്ങളിൽ ലഭിച്ചത് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കേരളത്തെ കൂടാതെ കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലും 90 ശതമാനം മഴ കുറഞ്ഞു.

ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതർ ടീമിന്റെ നിരീക്ഷണം. തുടർന്ന് ഏതാനും ദിവസത്തിനു ശേഷം വീണ്ടും മഴ സാധ്യതയുണ്ട്. മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഫേസ് രണ്ടിലേക്ക് മാറിയതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മഴക്ക് കാരണമായത്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment