സർവനാശം വിതയ്ക്കുന്ന പെട്ടന്നുള്ള കാറ്റ്, മിന്നൽ ഈ സ്വഭാവമുള്ള വേനൽ മഴ എത്രനാൾ തുടരും? എവിടെയെല്ലാം

കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന വേനൽമഴ അടുത്ത ഞായർ (ഏപ്രിൽ 9 ) വരെ തുടരും. പ്രീ മൺസൂൺ റെയിൻ എന്ന യഥാർഥ വേനൽ മഴയുടെ സ്വഭാവത്തിലാണ് ഇപ്പോൾ വേനൽ മഴ ലഭിക്കുന്നത്. ഇടിയോടെ പെട്ടെന്നുള്ള ശക്തമായ കാറ്റ് (Gust Wind) ന്റെ അകമ്പടിയോടെയാണ് മഴ ലഭിക്കുന്നത്. ഈ മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്. വടക്കൻ കേരളത്തിലും മഴ ലഭിക്കുമെങ്കിലും പരക്കെ മഴ കേരളത്തിൽ എവിടെയും പ്രതീക്ഷിക്കേണ്ട. ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ പ്രതീക്ഷിച്ചെങ്കിലും വയനാട്ടിലും ഇടുക്കിയിലുമായി മഴ ഒതുങ്ങി. അടുത്ത ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ ഇടനാട് പ്രദേശത്തും ഇടിയോടെ മഴ ലഭിക്കും. പടിഞ്ഞാറൻ തീരത്തും കടലിലും ലക്ഷദ്വീപിലുമെല്ലാം അടുത്ത നാലു ദിവസം മഴ സാധ്യതയുണ്ട്.

മഴക്ക് കാരണം എന്താണെന്ന് അറിയാം

തെക്കൻ തമിഴ്‌നാട് മുതൽ വടക്കൻ കേരളത്തോട് അടുത്ത് ഉൾനാടൻ കർണാടക വഴി ചത്തീസ്ഗഢിലേക്ക് നീളുന്ന ന്യൂനമർദ പാത്തിയും അതിനോടു ചേർന്നുള്ള കാറ്റിന്റെ ഗതി മുറിവു (Line of Wind Discontinuety) മാണ് മഴക്കും ഇടിമിന്നലിനും കാരണമാകുന്നത്. ഈ സ്ഥിതി അടുത്ത നാലു ദിവസം തുടരും. ശക്തമായ ഇടിമിന്നലിനും മഴക്കും കാരണമാകുമെന്നതിനാൽ ജാഗ്രത വേണം. എന്നാൽ പരക്കെ വേനൽമഴ ലഭിക്കുകയുമില്ല. വടക്കൻ കേരളത്തിലും മഴക്ക് ഈ സിസ്റ്റം കാരണമാകും.

പെട്ടെന്നുള്ള കാറ്റ് സൂക്ഷിക്കണം
വേനൽ മഴയോടു കൂടെ സാധാരണയാണ് ഗസ്റ്റ് വിന്റുകൾ. പെട്ടെന്ന് ഏതാനും സെക്കന്റുകൾ നീണ്ടു നിൽക്കുന്ന കനത്ത നാശം ഉണ്ടാക്കുന്നവയാണ് ഇവ. ഇന്നലെ പത്തനംതിട്ട അടൂരിൽ നിരവധി വീടുകൾ തകരുകയും മരം വീണ് ഒരാൾ മരിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലോടെ വീശിയ കാറ്റിലാണ് നാശനഷ്ടം. അടൂർ താലൂക്കിൽ കാറ്റിലും മഴയിലും 22 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് ഏറത്ത് വില്ലേജിലാണ് 15 വീടുകൾക്ക് അവിടെ നാശനഷ്ടം സംഭവിച്ചു അടൂരിൽ ഒരാളും കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ ഒരാളും മരണപ്പെട്ടു.ഇന്ന് (ബുധൻ) വയനാട്ടിലെ കമ്പളത്ത് ഇത്തരത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റുണ്ടായി. ഹോൾഡിങ്ങുകളും പരസ്യപലകകളും മറ്റും റോഡിലേക്ക് വീണു. ആളപായമില്ല. പലയിടത്തും വേനൽ മഴ വൻ തോതിൽ കൃഷിനാശമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരുവമ്പാടിയിലും മഴയിൽ വാഴത്തോട്ടം നശിച്ചു.

ഗസ്റ്റ് വിന്റുകൾ നേരത്തെ പ്രവചിക്കാൻ കഴിയാറില്ല. ഈ കാറ്റ് ഒരു പ്രത്യേക മേഖലയിൽ മാത്രം പ്രാദേശിക കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ഏറെ നേരം നീണ്ടുനിൽക്കില്ല. ഒരു ഭാഗത്തെ മരങ്ങളും മറ്റും കടപുഴക്കി കടന്നുപോകുകയാണ് ചെയ്യുക. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനു മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ആളുകൾ ജാഗ്രത പാലിക്കുക. ശക്തമായ കാറ്റും മഴയും വന്നാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനം സൈഡിൽ ഒതുക്കി ഏറ്റവും ഉറപ്പുള്ള കെട്ടിടത്തിലേക്ക് മാറുക. കാർ ഉൾപ്പെടെ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തുറസായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുന്നതാണ് ഉചിതം. വീടിനുള്ളിൽ ഉള്ളവർ ഒരു കാരണവശാലും വീടിനു പുറത്തേക്ക് ഇറങ്ങരുത്. വരും ദിവസങ്ങളിൽ അതിശക്തമായ ഇടിമിന്നലും സാധ്യതയുണ്ട്.

ശക്തമായ മിന്നലിനും സാധ്യത
കേരളത്തിൽ മഴക്കുള്ള കാരണം മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ഈ അന്തരീക്ഷസ്ഥിതി മൂലം ശക്തമായ ഇടിമിന്നൽ ചില പ്രത്യേക ലൊക്കേഷനുകളിൽ ഉണ്ടാകും. കാറ്റിന്റെ ഗതിമുറിവോ, അഭിസരണമോ നടക്കുന്ന പ്രദേശങ്ങളിലാണ് ഇടിമിന്നൽ രൂക്ഷമാകുക. ഇടിമിന്നലിൽ നിന്ന് സുരക്ഷിതരായിരിക്കാൻ മിന്നൽ രക്ഷാ മാർഗങ്ങൾ സ്വീകരിക്കുക. ലോകത്തെവിടെയുമുള്ള ഇടിമിന്നൽ തൽസമയം നിരീക്ഷിക്കാനും നിങ്ങളിൽ നിന്ന് എത്ര അകലെയെന്ന് അറിയാനും metbeatnews.com ലെ Lightning Radar Strike Map ഉപയോഗിക്കാം.

LIGHTNING STRIKE MAP

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment