kerala weather 27/12/24 : കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ സാധ്യത
തമിഴ്നാടിന് സമീപം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ അന്തരീക്ഷ മാറ്റങ്ങൾ കാരണം തമിഴ്നാട്ടിലും കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. നാളെ തെക്കൻ തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിലും മഴ സാധ്യത. കേരളത്തിൽ ഇന്നു കൂടി മാത്രമായിരിക്കും മഴ ഉണ്ടാവുക. രാത്രിയിലും പുലർച്ചെയും മഴ പ്രതീക്ഷിക്കാം.
കേരളത്തിൽ ഇന്നലെ മുതൽ മേഘാവൃതമായ അന്തരീക്ഷവും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയും രേഖപ്പെടുത്തി. ഇന്നലെ രാത്രി വടക്കൻ കേരളത്തിൽ ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിച്ചു. നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്.
കേരളത്തിൽ ഇന്നും സമാനരീതിയിൽ മഴ സാധ്യതയുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ മാത്രം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. കോഴിക്കോട്, മലപ്പുറം, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത്.
ഞായറാഴ്ച മുതൽ കേരളത്തിൽ കൂടുതൽ ജില്ലകളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഈ മാസം അവസാനത്തോടെ ശ്രീലങ്കക്ക് സമീപം ഒരു ചക്രവാത ചുഴി രൂപപ്പെടാനും ഇതുമൂലം തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ഈ മഴ തെക്കൻ തമിഴ്നാട്ടിൽ കേന്ദ്രീകരിക്കപ്പെടുകയും കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ മാത്രം ലഭിക്കാനും ആണ് സാധ്യതയെന്ന് ഇപ്പോഴത്തെ നിരീക്ഷണത്തിൽ ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
ചക്രവാത ചുഴി രൂപപ്പെട്ട ശേഷം അത് കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് നീങ്ങാനുമാണ് സാധ്യത. ചക്രവാത ചുഴി രൂപപ്പെട്ട ശേഷമേ മഴ സാധ്യത കൃത്യമായി പ്രവചിക്കാൻ കഴിയൂ. ഓഗസ്റ്റ് 31 ജനുവരി 1 തീയതികളിൽ ആണ് മഴ പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ഈ മഴ കടലിൽ തന്നെ പെയ്തു പോകാനും കരയിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. ജനുവരി രണ്ടാം വാരത്തിലും കേരളത്തിലും തമിഴ്നാട്ടിലും മഴ സാധ്യതയുണ്ട്.
അതിനിടെ കേരളത്തിൽ തണുപ്പ് തുടരുകയാണ് . ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തെ തുടർന്ന് താൽക്കാലികമായി ചിലയിടങ്ങളിൽ രാത്രി താപനില കൂടാൻ സാധ്യതയുണ്ട്. എന്നാൽ മൂന്നാർ ഉൾപ്പെടെ 0 ഡിഗ്രിയിലേക്ക് താപനില എത്തും.